കാമുകിക്ക് താലിമാല വാങ്ങാന്‍ ബൈക്കിലെത്തി പിടിച്ചുപറി; യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: കാമുകിക്ക് താലിമാല വാങ്ങി നല്‍കാന്‍ കാല്‍നടയാത്രക്കാരന്റെ മൂന്നര പവന്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പാറക്കോവില്‍ പുഴമ്പള്ളത്ത് ആഷിഖ് (24), പടിഞ്ഞാട്ടുമുറി പകരാവൂര്‍ ധനീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച തൃശൂരിലാണ് ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിച്ചത്. പ്രണയത്തിലായ പാലക്കാട് സ്വദേശിനിയെ വിവാഹം കഴിക്കുന്നതിനു വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് കൊടകരയില്‍ വാടക വീട്ടില്‍ താമസിപ്പിച്ചിരിക്കുകയുമായിരുന്നു ആഷിഖ്. പിന്നീട് ധനുഷുമൊത്ത് ബൈക്കില്‍ താലിമാല വാങ്ങാന്‍ പണം തേടിയിറങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് പെരുമ്പിള്ളിശേരി കാവില്‍പാടം റോഡില്‍ ആറ്റുപുറത്ത് രാമകൃഷ്ണന്‍ നടന്നുപോവുന്നതു കണ്ട പ്രതികള്‍ ബൈക്ക് നിര്‍ത്തി അദ്ദേഹത്തിന്റെ മാല പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ധനീഷിന്റെ ഭാര്യയുടെ പേരിലുള്ളതാണു ബൈക്ക് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നു പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച മാല തൃശൂരില്‍ വിറ്റ് ആ പണം ഉപയോഗിച്ച് ആഷിഖ് വാങ്ങിയ 2 പവന്റെ താലിമാലയും ബാക്കി പണവും പോലീസ് കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News