പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; രണ്ടു യുവാക്കള്‍ പിടിയില്‍

ചെന്നൈ: ചെന്നൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പണം തട്ടിയെടുത്ത കേസില്‍ രണ്ട് മലയാളി യുവാക്കളെ അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയും സ്വര്‍ണവും പെണ്‍കുട്ടിയില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തു. ചെങ്ങന്നൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്.

ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ മാനേജറായ സുബിന്‍ ബാബു, സുഹൃത്ത് സജിന്‍ വര്‍ഗീസ് എന്നിവരെയാണ് താംബരം പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസുള്ള മലയാളി പെണ്‍കുട്ടിയെ പ്രണയം നടിച്ച് 2017 മുതലാണ് സുബിന്‍ പീഡിപ്പിച്ചത്. സുബിന്റെയും സുഹൃത്തുക്കളുടേയും ഫ്‌ളാറ്റില്‍ വച്ചായിരുന്നു വിവാഹ വാഗ്ദാനം നല്‍കി പീഡനം. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു.

ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന് പലപ്പോഴായി പണവും ആഭരണങ്ങളും പെണ്‍കുട്ടി നല്‍കി. മൂന്ന് ലക്ഷം രൂപയും ആറ് പവനുമാണ് ഇങ്ങനെ പ്രതികള്‍ തട്ടിയെടുത്തത്. വീണ്ടും പണമാവശ്യപ്പെട്ട് ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തി.

ഇതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതോടെ സുബിന്‍ ദൃശ്യങ്ങള്‍ സുഹൃത്തായ സജിനു കൂടി കൈമാറി. പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് സജിനും ഭീഷണിപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News