കൊല്ലത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് നോമ്പ് കഞ്ഞി വിതരണം; രണ്ടു പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ലോക്ഡൗണ്‍ ലംഘിച്ച് നോമ്പ് കഞ്ഞി വിതരണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണംകോട് ദേവധാനത്ത് ഷാജഹാന്‍ (40), പള്ളി തെക്കേതില്‍ റഹിം (49) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. റമസാന്‍ മാസത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ചയാണ് ഇരുവരും നിയമം ലംഘിച്ച് കഞ്ഞി വിതരണം ചെയ്തത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പള്ളികളില്‍ കൂട്ടമായിട്ടുള്ള പ്രാര്‍ഥനകളോ ഇഫ്താര്‍ വിരുന്നുകളോ നടത്തില്ലെന്ന് വിവിധ ജമാ അത്ത് കമ്മിറ്റികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് സിപിഎം നേതാവു കൂടിയായ ഷാജഹാന്റെ നേതൃത്വത്തില്‍ കഞ്ഞി വിതരണം നടത്തിയത്.

അടൂര്‍ മുസ്ലിം ജമാ അത്ത് കമ്മിറ്റി (കണ്ണംകോട്) ഈ വിവരം ജില്ലാ കലക്ടറെ അറിയിക്കുകയും കലക്ടര്‍ അടൂര്‍ പോലീസിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അടൂര്‍ ആര്‍ഡിഒ പിടി എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂ സംഘവും സ്ഥലത്തെത്തിയിരുന്നു. പോലീസ് എത്തുമ്പോള്‍ കഞ്ഞി വാങ്ങാനായി മുപ്പതോളം പേര്‍ ഉണ്ടായിരുന്നുവെന്ന് അടൂര്‍ സിഐ യു.ബിജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News