സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തു; മനംനൊന്ത് 17കാരി ആത്മഹത്യ ചെയ്തു, രണ്ടു പേര്‍ അറസ്റ്റില്‍

ഉപ്പുതറ: സൗഹൃദം സ്ഥാപിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തതില്‍ മനംനൊന്ത് പതിനേഴു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മേരികുളം ഇടപ്പൂക്കുളം സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കിഴക്കേമാട്ടുക്കട്ട പുളിമൂട്ടില്‍ ക്രിസ്റ്റി പി. ചാക്കോ(18), വെള്ളിലാംകണ്ടം പുത്തന്‍പുരയ്ക്കല്‍ ജിക്കുമോന്‍(19) എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി പണയപ്പെടുത്തിയശേഷം മടക്കി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പെണ്‍കുട്ടി പ്ലസ് വണ്ണിനു പഠിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥികളാണു പ്രതികള്‍. പെണ്‍കുട്ടിയുമായി ക്രിസ്റ്റി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം പണവും പിന്നീട് സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി.

ആഭരണങ്ങള്‍ കാണാതായത് വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി പ്രതികളെ സമീപിച്ച് അവ മടക്കി ആവശ്യപ്പെട്ടു. എന്നാല്‍ മടക്കി നല്‍കാന്‍ തയാറാകാതെ ഭീഷണിപ്പെടുത്തിയതോടെ ഒക്ടോബര്‍ എട്ടിന് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഉപ്പുതറ സി.ഐ എം.എസ്. റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News