കോഴിക്കോട്: ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഫൈവ്സ്റ്റാര്‍ റേറ്റിങ് നല്‍കിയാല്‍ പണം നല്‍കാമെന്നു വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് നരിക്കുനി പാറന്നൂര്‍ ആരീക്കല്‍ ഹൗസില്‍ അസര്‍ മുഹമ്മദ് (29), കൊയിലാണ്ടി സ്വദേശിനിയും ഇപ്പോള്‍ കണ്ണൂര്‍ തലശ്ശേരി മൂഴിക്കരയിലെ താമസക്കാരിയുമായ അക്ഷയ (28)എന്നിവരെയാണ് പൊഴിയൂര്‍ പൊലീസ് കോഴിക്കോടു നിന്നു പിടികൂടിയത്. കുളത്തൂര്‍ സ്വദേശിയായ ഷൈന്‍ നല്‍കിയ പരാതിയിലാണ് നടപടി.
ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ഫൈവ്സ്റ്റാര്‍ റേറ്റിങ് നല്‍കുന്ന ജോലിയുടെ പരസ്യം ഇന്‍സ്റ്റഗ്രാമില്‍ കണ്ടാണ് ഷൈന്‍ ഇവരുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടില്‍ വരുമെന്ന് സംഘം യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. അതിനായി ആദ്യഘട്ടത്തില്‍ 10,000 രൂപ അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് യുവാവിനെ കൊണ്ട് നിക്ഷേപിപ്പിച്ചു. ഇതിന് പിന്നാലെ 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്തു. ചെറിയ തുക അക്കൗണ്ടിലേക്ക് നല്‍കി ഷൈനിന്റെ വിശ്വാസം പിടിച്ചു പറ്റിയ സംഘം പലതവണയായി 26 ലക്ഷത്തോളം രൂപ ഇയാളില്‍നിന്നു തട്ടിയെടുക്കുകയായിരുന്നു. ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോള്‍ സാങ്കേതിക തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടില്‍ സുരക്ഷിതമാണെന്നും ഇരുവരും ഷൈനിനെ വിശ്വസിപ്പിച്ചു.
ഒടുവില്‍ ഇവരെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണു തട്ടിപ്പിന് ഇരയായതായി ബോധ്യമായത്. തുടര്‍ന്ന് ഇയാള്‍ പൊഴിയൂര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ ഇത്തരത്തില്‍ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊഴിയൂര്‍ പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കലാം ആസാദിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ജയലക്ഷ്മി, സാജന്‍, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.