ദില്ലി: ഇലോണ്‍ മസ്ക് ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റര്‍. വെരിഫൈഡ് പ്രൊഫൈലുകളിൽ നിന്ന് പണം ഈടാക്കാനുള്ള പദ്ധതി ട്വിറ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസം 8 ഡോളറാണ് അംഗത്വത്തിനായി ഈടാക്കുക. ട്വിറ്റർ ബ്ലൂ സേവനങ്ങൾക്ക് പണമടച്ചവർക്ക് ട്വിറ്റർ സേർച്ചിൽ പ്രാമുഖ്യം ലഭിക്കും. നീണ്ട ട്വിറ്റർ സംഭാഷണങ്ങളിൽ ബ്ലൂ സബ്സ്ക്രൈബർമാരുടെ മറുപടികൾക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും.
കൂടുതൽ നീളത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യാനും അനുമതി കിട്ടും. പുതിയ തീരുമാനം വ്യാജ അക്കൗണ്ടുകളെയും സ്പാം സന്ദേശങ്ങളെയും നിയന്ത്രിക്കാൻ അത്യാവശ്യമാണെന്നാണ് മസ്കിന്റെ ന്യായീകരണം. ട്വിറ്ററിലെ സജീവ അക്കൗണ്ടുകൾക്ക് യൂട്യൂബ് മാതൃകയിൽ പണം പ്രതിഫലം നൽകുന്നതും പരിഗണനയിലുണ്ടെന്ന് മസ്ക് വ്യക്തമാക്കി. ബ്ലൂ ടിക്കിന് ഓരോ രാജ്യത്തും ഈടാക്കുന്ന തുകയില്‍ മാറ്റമുണ്ടാകുമെന്നും മസ്ക് പറഞ്ഞു.
വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യാൻ തൊണ്ണൂറു ദിവസം അനുവദിക്കും. പുതിയ ഫീച്ചർ നവംബർ ഏഴിനകം ലോഞ്ച് ചെയ്യണമെന്നാണ് മസ്ക് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു. വെരിഫിക്കേഷനെ ഇനി ട്വിറ്റര്‍ ബ്ലൂ എന്ന പ്രിമീയം സര്‍വീസിനൊപ്പം ലയിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടെ പ്രതിമാസ നിരക്കിന്‍റെ അടിസ്ഥാനത്തിൽ പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ആദ്യ സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് ട്വിറ്റർ ബ്ലൂ എന്ന് പറയുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ട്വിറ്റര്‍ ബ്ലൂ ആരംഭിച്ചത്.