രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കെ.സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ക്കും പൂട്ടിട്ട് ട്വിറ്റര്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് താത്കാലികമായി സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല, അജയ് മാക്കന്‍ തുടങ്ങിയവര്‍ അടക്കം അഞ്ച് നേതാക്കളുടെ അക്കൗണ്ടുകളാണ് വിലക്കിയത്.
ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിട്ടാല്‍ തങ്ങള്‍ ഇന്ത്യക്കുവേണ്ടി പോരാടുന്നതില്‍ നിന്ന് പിന്‍മാറുമെന്നാണ് ചിലര്‍ കരുതുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാരിനെ ട്വിറ്ററിന് പേടിയാണെന്നും നിശബ്ദമാക്കാനുള്ള ശ്രമം വിഫലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.