ടൊവിനോ പ്രതിഫലം വാങ്ങാതെ അഭിനയിക്കും, ജോജു 20 ലക്ഷം കുറച്ചു; പ്രതിഫല വിവാദത്തില്‍ വമ്പന്‍ ട്വിസ്റ്റ്

ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന. മോഹന്‍ലാല്‍ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോള്‍ യുവതാരങ്ങള്‍ പ്രതിഫലം കൂട്ടി ആവശ്യപ്പെട്ടത് നിര്‍മാതാക്കളെ പ്രകോപിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് പ്രതിഫലം കുറയ്ക്കാമെന്ന് ഇരു താരങ്ങളും അറിയിച്ചത്.

പ്രതിഫലം വാങ്ങാതെയാവും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ തോമസ് സമ്മതിച്ചിരിക്കുന്നത്. ജോജു ജോര്‍ജ് 20 ലക്ഷമാണ് പ്രതിഫലം കുറച്ചത്. കൊവിഡിന് മുന്‍പ് 75 ലക്ഷമായിരുന്ന പ്രതിഫലം ഒരു കോടിയായാണ് ടൊവിനോ വര്‍ധിപ്പിച്ചത്. 45 ലക്ഷം രൂപ വാങ്ങിയിരുന്ന ജോജു 50 ലക്ഷവും ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് പ്രമുഖ നടന്മാര്‍ കൊവിഡ് കാലത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരുടേയും സിനിമയുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രതിഫലം കുറച്ചാല്‍ മാത്രമേ ചിത്രീകരണം അനുമതി നല്‍കൂ എന്നായിരുന്നു സംഘടനയുടെ നിലപാട്. സംഭവം വിവാദമായതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News