കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍! പത്താം ക്ലാസുകാരന്റെ പേര് പറഞ്ഞത് ഭീഷണിയെ തുടര്‍ന്ന്; കേസില്‍ നിര്‍ണായക വഴിത്തിരിവ്

കണ്ണൂര്‍: പതിമൂന്നുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്വന്തം അച്ഛനാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. ബന്ധുവായ പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞിരുന്നത്. അച്ഛന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത് എന്നും കുട്ടി വ്യക്തമാക്കി. തളിപ്പറമ്പ് കുറുമാത്തൂരിലാണ് മകളെ പീഡിപ്പിച്ച് കൗമാരക്കാരന്റെ തലയില്‍ കുറ്റം കെട്ടിവച്ച് തടിയൂരാന്‍ അച്ഛന്‍ ശ്രമിച്ചത്.

വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാള്‍ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.

അച്ഛന്റെ ഭീഷണി ഭയന്നാണ് ആദ്യം കുട്ടി സത്യം തുറന്നു പറയാതിരുന്നത്. 2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയമുയര്‍ത്തി.

തുടര്‍ന്ന് വനിതാ പോലീസുകാരും കൗണ്‍സിലിങ്ങ് വിദഗ്ധരും ചേര്‍ന്ന് കുട്ടിയോട് വിശദമായി സംസാരിച്ചത്. ഒടുവില്‍ പീഡിപ്പിച്ചത് അച്ഛനാണെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു. പലതവണ അച്ഛന്‍ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി അച്ഛന്റെ പേര് വെളിപ്പെടുത്തിയതായാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News