കൊച്ചിന്: ട്വന്റി20 പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും വേര്‍പിരിയുന്നു. ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണു പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് (PWA) എന്ന സഖ്യം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും മുന്നണിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനോ ഒരു പൊതുമിനിമം പരിപാടി തയാറാക്കാനോ കഴിഞ്ഞിട്ടില്ലെന്നും ആയതിനാല്‍ പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് (PWA) എന്ന സഖ്യം തുടരുന്നതു രാഷ്ട്രീയമായും സംഘടനാപരമായും ട്വന്റി 20യ്ക്കു ഗുണകരമാകില്ലന്നു ബോധ്യപ്പെട്ടതിനാലാണു തീരുമാനമെന്നു സാബു എം.ജേക്കബ് പറഞ്ഞു. സഖ്യം പിരിയുന്നതു സംബന്ധിച്ച ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് ഔദ്യോഗിക അറിയിപ്പ് ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും സാബു എം.ജേക്കബ് പറഞ്ഞു.
കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണു കേരളം കടന്നുപോകുന്നത്. അഴിമതിയും ധൂര്‍ത്തും കുറ്റകൃത്യങ്ങളും വര്‍ഗീയതയും പെരുകിവരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ കരാളഹസ്തങ്ങളില്‍നിന്നു കേരളത്തെ വീണ്ടെടുക്കാനും മലയാളികളുടെ വികസനസ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും ട്വന്റി20 ശക്തമായി പ്രവര്‍ത്തിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.
2022 മേയ് 15നാണു കിഴക്കമ്പലം കിറ്റെക്‌സ് ഗ്രൗണ്ടില്‍ നടന്ന മഹാസമ്മേളനത്തില്‍വച്ചു സാബു എം. ജേക്കബും അരവിന്ദ് കേജ്രിവാളും ചേര്‍ന്ന് പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് (PWA) എന്ന സഖ്യം കേരളത്തില്‍ പ്രഖ്യാപിച്ചത്.