കോതമംഗലത്ത് പി.ജെ ജോസഫിന്റെ മരുമകന്‍ ഡോ. ജോ ജോസഫ്, മൂവാറ്റുപുഴയില്‍ സി.എന്‍ പ്രകാശ്; ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കൊച്ചി: ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോതമംഗലത്ത് പി.ജെ ജോസഫിന്റെ മരുമകന്‍ ഡോ. ജോ ജോസഫ് സ്ഥാനാര്‍ഥിയാകും. കുന്നത്തുനാട് ഡോ. സുജിത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍ ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ സി.എന്‍ പ്രകാശ്, വൈപ്പിന്‍ ഡോ. ജോബ് ചക്കാലക്കല്‍ എന്നിവരാണ് മത്സരംഗത്തുള്ളത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ് ജോ ജോസഫ്. സി.എന്‍ പ്രകാശ് ന്യൂസ് 18 കേരളയുടെ കൊച്ചി ബ്യറോ ചീഫാണ്.

ട്വന്റി 20ക്ക് പരസ്യ പിന്തുണയുമായി ആദ്യമെത്തിയത് നടന്‍ ശ്രീനിവാസനാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍ ട്വന്റി 20യില്‍ പ്രതീക്ഷയുണ്ടെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്റി 20യെന്ന് ശ്രീനിവാസന്‍ പറഞ്ഞു.. അതിനാലാണ് താന്‍ പിന്തുണ നല്‍കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരനും ജേക്കബ് തോമസുമൊക്കെ ബിജെപിയിലാണ്. അവര്‍ ബിജെപി വിട്ട് ഇവര്‍ ട്വന്റി 20ക്ക് ഒപ്പം വരണമെന്നാണ് തന്റെ ആഗ്രഹം.

ബിജെപിയില്‍ അംഗത്വമെടുത്ത ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യില്‍ അംഗത്വമെടുത്തിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടാണ് അവര്‍ക്ക് ബിജെപിയില്‍ പോകേണ്ടി വന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News