‘ദൃശ്യം രണ്ടി’ന് ശേഷം മോഹൻലാലും(Mohanlal) ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ട്വൽത്ത് മാൻ(12th Man). അതുകൊണ്ട് തന്നെയാണ് പ്രഖ്യാപന സമയം മുതൽ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നതും. ഏറെ സസ്പെൻസും നിഗൂഢതകളും നിറഞ്ഞതാകും ചിത്രമെന്ന് ട്രെയിൽ ഉറപ്പ് നൽകിയിരുന്നു. ഏവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഇന്ന അർദ്ധരാത്രി മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തും.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ രാത്രി 12 മണിമുതൽ ട്വൽത്ത് മാൻ സ്ട്രീമിംഗ് ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോ വീഡിയോകളും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയരുന്നു.
മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം, ദൃശ്യ’വുമായി താരതമ്യം ചെയ്യാനാകുന്ന സിനിമയല്ല ട്വൽത്ത് മാനെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.
ജീത്തു ജോസഫിന്റെ വാക്കുകള്‍
എന്നെ സംബന്ധിച്ച് ഈ പ്രൊജക്റ്റ് വളരെ വ്യത്യസ്‍തമായിട്ടുള്ള ഒന്നാണ്.സുഹൃത്തായ കൃഷ്‍ണകുമാറാണ് തിരക്കഥ. രണ്ടര വര്‍ഷം മുമ്പ് എന്റെയടുത്ത് വന്ന് കൃഷ്‍ണകുമാര്‍ ഒരാശയം പറഞ്ഞതാണ്. ലാലേട്ടൻ അടുത്തെങ്ങാനും ചെയ്‍തിട്ടില്ലാത്ത ഒരു കഥാപാത്രമാണ്. ചിത്രത്തിന്റെ തൊണ്ണൂറു ശതമാനവും ഒറ്റ ലൊക്കേഷനിലാണ്. ഒരു റിസോര്‍ട്ടിലാണ്. അതുകൊണ്ടുതന്നെ കൊവിഡ് കാലഘട്ടത്തില്‍ ചെയ്യാൻ പറ്റുന്ന സിനിമയാണ്.
ചിത്രത്തിന്റെ സീൻ ഓര്‍ഡറാണ് ആദ്യം ലാലേട്ടനോട് പറഞ്ഞത്. ലാലേട്ടന് ആശയം ഇഷ്‍ടപ്പെട്ടു. ഇതിന്റെ കഥ പറഞ്ഞ് ഫലിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒന്നുങ്കില്‍ സ്‍ക്രിപ്റ്റ് വായിക്കണം. അല്ലെങ്കില്‍ സിനിമ കാണണം. കാരണം വലിയ താരനിരയുണ്ട്. ശരിക്കും 12 പേരാണ് ഈ സിനിമയുടെ നായകര്‍. ഒരു ഹീറോ ബേസ് സിനിമ അല്ല ഇത്. 12 പേരുടെ കഥയാണ്. അഞ്ച് മറ്റ് താരങ്ങളുമുണ്ട്. ‘ട്വല്‍ത്ത് മാൻ’ ഒരു മിസ്റ്ററി മൂവിയാണ്. ഞാൻ ഇതിനെ ത്രില്ലര്‍ എന്ന് വിളിക്കില്ല. പഴയ കാലത്ത് അഗത ക്രിസ്റ്റി കഥകളുടെ സമാനമായ ഒരു സിനിമയാണ്. സസ്‍പെൻസാണ് ഹൈലൈറ്റ്. അതുകൊണ്ട് ഫീഡ്‍ബാക്ക് എടുക്കാൻ വേണ്ടി ഒത്തിരിപേര്‍ക്ക് സ്‍ക്രിപ്റ്റ് കൊടുത്തിരുന്നു. ചര്‍ച്ച ചെയ്‍തു. മാറ്റങ്ങള്‍ വരുത്തി. നല്ല വര്‍ക്ക് ചെയ്‍തു.
എനിക്ക് തോന്നുന്നു മലയാളത്തില്‍ ഇങ്ങനെയൊരു പാറ്റേണ്‍ അടുത്ത കാലത്ത് വന്നിട്ടില്ല.അതുതന്നെയാണ് ഫ്രഷ്‍നെസ്. ‘ദൃശ്യം’ ടീം തന്നെയാണ് ഇതിലും വന്നിരിക്കുന്നത്. 25 ദിവസം ഷൂട്ട് ചെയ്‍ത സിനിമയാണ്. ഷൂട്ടിംഗ് രസകരമായിരുന്നു. പകല്‍ കിടന്നുറങ്ങും. രാത്രിയായിരുന്നു ഷൂട്ട്. കൊവിഡ് കാരണം റിസോര്‍ട്ടില്‍ ഒരിക്കല്‍ ഷൂട്ടിന് കയറിയാല്‍ ആര്‍ക്കും പുറത്തുപോകാൻ കഴിയില്ലായിരുന്നു. അതിനാല്‍ ഒരു ഹോളിഡേ മൂഡിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ‘ദൃശ്യം’ ഞാനും ലാലേട്ടനുമായുള്ള കോമ്പിനേഷനില്‍ നല്ലതായി വന്നു. അതിനാല്‍ അതിന്റെ പ്രതീക്ഷകളുണ്ടാകും. ‘ദൃശ്യ’ത്തിന് മുകളിലാകുമെന്നൊക്കെയുള്ള പ്രതീക്ഷകള്‍. ദൃശ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമയാണ് ഇത്. അതുകൊണ്ട് അങ്ങനെ വിലയിരുത്തരുത്. ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു പ്രത്യേക വൈബ് ആണ്. 25 ദിവസം ലാലേട്ടൻ ഞങ്ങളുടെ കൂടെ ഒരു ലൊക്കേഷനില്‍ ഉണ്ടായി. നല്ല ഇൻട്രാക്ഷൻസ് ഉണ്ടായി. എല്ലാംകൊണ്ട നല്ല ഓര്‍മകളുള്ള ഒരു സിനിമയാണ് ഇത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ