ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവ് ജീവനൊടുക്കി. ടിവികെയുടെ വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
കരൂരിലെ ദുരന്തത്തിന് കാരണം സെന്തില്‍ ബാലാജിയാണെന്ന് അയ്യപ്പന്‍ ആരോപിക്കുന്നു. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം.
കൂലിപ്പണിക്കാരനായ അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധക കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവികെയിലെ റാലിയില്‍ പങ്കെടുത്തിരുന്നു. തിക്കിലും തിരക്കിലും ആളുകള്‍ മരിച്ച വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്.
കരൂര്‍ ദുരന്തത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസ്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. .
ശനിയാഴ്ച കരൂരില്‍ നടന്ന രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താന്‍ ആറേഴ് മണിക്കൂര്‍ വൈകിയെന്നാണ് റിപ്പോര്‍ട്ട്.
എഫ്ഐആറില്‍ വിജയ്ക്കെതിരേയും ഗുരുതര പരാമര്‍ശങ്ങളുള്ളതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂര്‍വം വൈകിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. നാമക്കലില്‍ എട്ടേമുക്കാലിന് എത്തി
ച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകള്‍ വൈകിയാണ് വിജയ് എത്തിച്ചേര്‍ന്നത്. ഇത് കൂടുതല്‍ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും എഫ്‌ഐആറില്‍ പറയുന്നു.


