വാഷിങ്ടൺ: ഗാസയിലെ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. ബന്ദികളുടെ മോചനം, ഗാസയിൽ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങൽ നിബന്ധനകൾ, പലസ്തീൻ പ്രദേശങ്ങൾ താൽക്കാലികമായി ഭരിക്കുന്നതിന് നോൺ- പൊളിറ്റിക്കൽ സമിതി രൂപീകരണം, ഗാസക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് സമാധാന പദ്ധതി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങൾ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടിയന്തര വെടിനിർത്തൽ, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേൽ പിൻവാങ്ങൽ എന്നിവ ആവശ്യപ്പെടുന്ന സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു.
നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നേടിയായി ഖത്തറിൽ നടത്തിയ ആക്രമണത്തിൽ ബെഞ്ചമിൻ നെതന്യാഹു മാപ്പ് ചോദിച്ചിരുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിനാണ് നെതന്യാഹു ഖത്തറിനോടു മാപ്പുപറഞ്ഞത്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയെ ഫോണിൽവിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പുപറഞ്ഞത്.


