കോവിഡ് ചികിത്സയില്‍ കൊച്ചിയുടെ വഴിത്തിരിവ്,പ്രതീക്ഷയോടെ കളമശേരി മെഡിക്കല്‍ കോളേജ്

കൊച്ചി: കോവിഡ് 19 ചികിത്സയില്‍ പ്രതീക്ഷയ്ക്ക് വക നല്‍കി എറണാകുളം മെഡിക്കല്‍ കോളേജ്. എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകള്‍ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍.

കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ ഐ.സി.യുവില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച്ച രാത്രിയോടെയാണ് മരുന്ന് നല്‍കിത്തുടങ്ങിയത്.

ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിയ്ക്ക് ഈ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്‍കയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടര്‍ന്ന് ചികിത്സയുടെ പ്രോട്ടോക്കോള്‍ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌കരിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.

ഇന്ത്യയില്‍ ഇന്ത്യയില്‍ ജയ്പൂരിലാണ് Ritonavir, lopinavir മരുന്നുകള്‍ ചികിത്സയില്‍ ഇതിനുമുമ്പ്‌
ഉപയോഗിച്ചത്. ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കുന്നതെന്ന്‌ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളേജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News