വാൻ ഹയിയിലെ തീ അണഞ്ഞില്ല, എഞ്ചിന്‍ മുറിയിൽ വെള്ളം; കപ്പൽ മുങ്ങാതിരിക്കാൻ തീവ്രശ്രമം

കൊച്ചി: അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹയി 503 മുങ്ങാതിരിക്കാന്‍ രക്ഷാപ്രവർത്തകരുടെ തീവ്രശ്രമം. കപ്പലിന്റെ മധ്യത്തിൽനിന്ന് പിന്നിലേക്കുള്ള ഭാഗത്ത് ഇപ്പോഴും തീ കത്തുന്നതും എഞ്ചിൻ മുറിയിൽ 7 മീറ്റർ വരെ വെള്ളം നിറഞ്ഞതുമാണ് പ്രതിസന്ധി. എഞ്ചിൻ മുറിയിൽ വെള്ളം വീണ്ടും കൂടുമെന്നതിനാൽ തീ കെടുത്തുന്നതിന് വെള്ളം പമ്പു ചെയ്യാനാകാത്ത അവസ്ഥയാണ്.

എഞ്ചിൻ മുറിയിൽനിന്ന് വെള്ളം പമ്പു ചെയ്തു കളയാനും തീ പിടിച്ച മറ്റു ഭാഗങ്ങള്‍ തണുപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തീ അണയ്ക്കുന്നതിനുള്ള രാസവസ്തുവായ പൈറോകൂൾ ഉൾപ്പെടെയുള്ളവയുമായി അറ്റ്ലാന്റിസ് വിർഗോ എന്ന കപ്പൽ വിദേശത്തുനിന്ന് നാളെ അപകടസ്ഥലത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇതുപയോഗിച്ച് തീ അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പിൻഭാഗത്തായി ഇടത്തേക്ക് കപ്പൽ ചരി‍ഞ്ഞിട്ടുണ്ട്. എഞ്ചിന്‍ മുറിയിൽ വെള്ളം ഏഴു മീറ്റർ വരെ കയറിയതിനാലാണിത്. കപ്പലിന്റെ ഡ്രാഫ്റ്റ് (ജലോപരിതലത്തിൽ നിന്ന് അടിത്തട്ടു വരെയുള്ള ഭാഗം) അതിന്റെ പരമാവധിയിൽ എത്തിയിരിക്കുന്നു എന്നാണ് വിവരം. എഞ്ചിൻ മുറിയിലെ വെള്ളം പമ്പു ചെയ്തു മാറ്റാനുള്ള ഉപകരണങ്ങൾ കപ്പലിൽ എത്തിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനത്തിലാണ് രക്ഷാപ്രവർത്തകർ ഇപ്പോൾ.

പൈറോകൂൾ എന്ന ഫോം എത്തുന്നതോടെ രക്ഷാപ്രവർത്തകർക്ക് നാളെ കപ്പലിൽ ഇറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. തീ നിയന്ത്രിക്കാനായാൽ എഞ്ചിൻ മുറിയിലെ വെള്ളം നീക്കം ചെയ്യാമെന്നാണ് കരുതുന്നത്. തീ അണയ്ക്കുന്നതിനായി പമ്പു ചെയ്ത വെള്ളവും തകർന്ന ഭാഗങ്ങളിലൂടെ അകത്തു കയറിയ വെള്ളവുമാണ് എ‍ഞ്ചിൻ മുറിയിലുള്ളത്.  

കപ്പലിലെ 280ഓളം കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്താണെന്നതു സംബന്ധിച്ച് ഇപ്പോഴും വിവരമില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എഞ്ചിൻ മുറിയിലെ വെള്ളത്തിൽ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്ന് പരിശോധിച്ച േശഷമേ ഇവിടെ പ്രവേശിക്കാൻ സാധിക്കൂ.

ഓഫ്ഷോർ വാരിയർ ടഗ് ഇപ്പോഴും കപ്പലിെന കെട്ടിവലിച്ച് ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇകണോമിക് സോണായ 200 നോട്ടിക്കൽ മൈലിനു പുറത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റൊരു ടഗ്ഗായ വാട്ടർ ലില്ലി വോയേജ് ഡാറ്റ റിക്കോർഡർ കൊച്ചി തുറമുഖത്ത് എത്തിച്ചതായും അറിയുന്നു. കപ്പല്‍ തീ പിടിക്കാൻ ഇടയാക്കിയ കാര്യങ്ങൾ ഇതിൽ നിന്ന് അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News