അനായാസേന പോണ്‍ ലഭിക്കുന്നത് ബലാത്സംഗങ്ങള്‍ കൂട്ടുന്നു, പോലീസിന് തടയാനാകില്ല: മധ്യപ്രദേശ് ഡിജിപി

അനായാസേന പോണ്‍ ലഭിക്കുന്നത് ബലാത്സംഗങ്ങള്‍ കൂട്ടുന്നു, പോലീസിന് തടയാനാകില്ല- മധ്യപ്രദേശ് ഡിജിപി

ഭോപാല്‍: നിയമപാലകര്‍ മാത്രം വിചാരിച്ചാല്‍ ബലാത്സംഗങ്ങള്‍ തടയാനാകില്ലെന്ന് മധ്യപ്രദേശ് ഡിജിപി കൈലാഷ് മക്‌വാന. മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അനായാസേന ലഭ്യമാകുന്ന അശ്ലീലവീഡിയോകളും ചിത്രങ്ങളും സാമൂഹിക ധാര്‍മികച്യുതിക്ക് കാരണമാകുന്നുവെന്ന് ഡിജിപി പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ ലഭ്യമായ അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളില്‍ മാനസിക വൈകല്യം ഉളവാക്കുന്നതായി ശനിയാഴ്ച ഉജെയ്‌നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.

ലൈംഗിക കുറ്റകൃത്യങ്ങള്‍ വലിയതോതില്‍ വര്‍ധിക്കുന്നതിനുപിന്നില്‍ വിവിധ കാരണങ്ങളുണ്ടെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. “ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതിനുപിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, അശ്ലീലഉള്ളടക്കങ്ങള്‍, മദ്യം എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്”, ഡിജിപിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.”ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഏതോ വ്യക്തി ആരെയോ ഒരാളെ മൊബൈല്‍ഫോണ്‍ വഴി ബന്ധപ്പെടുന്നു. സാമൂഹിക ധാര്‍മികതയെ വിപരീതമായി ബാധിക്കുന്ന ഇത്തരത്തിലുള്ള ഒട്ടേറെ കാരണങ്ങളുണ്ട്. പോലീസിന് ഒറ്റയ്ക്ക് ഈ വിഷയത്തെ കൈകാര്യം ചെയ്യാനാകില്ല”, മക്‌വാന പറഞ്ഞു.

വീടുകളില്‍ കുട്ടികളില്‍ വേണ്ടത്ര ശ്രദ്ധയോ കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശമോ ലഭിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു. “മുന്‍കാലത്ത് മാതാപിതാക്കളും അധ്യാപകരും പറയുന്ന കാര്യങ്ങള്‍ കുട്ടികള്‍ ചെവിക്കൊണ്ടിരുന്നു. എന്നാലിന്ന് വീടുകളില്‍ ആരും പരസ്പരം ശ്രദ്ധ ചെലുത്തുന്നില്ല. എല്ലാ അതിര്‍ത്തികളും ലംഘിക്കപ്പെടുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ സുഗമമായി ലഭിക്കുന്നുണ്ടെന്നും അത് ഉറപ്പായും കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെന്നും മക്‌വാന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News