മുടക്കിയ പണം തിരിച്ചുകിട്ടാതെ മടങ്ങുന്ന പ്രശ്നമില്ല, അമേരിക്കൻ പട്ടാളക്കാർ രാജ്യം വിടണമെന്ന ഇറാഖിന്റെ ആവശ്യം തള്ളി ഡൊണാൾഡ് ട്രമ്പ്
വാഷിങ്ടൺ: അമേരിക്കൻ സൈന്യം രാജ്യം വിട്ടുപോകണമെന്ന ഇറാഖ് പാർലമെന്റിന്റെ ആവശ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാഖിൽ തങ്ങൾ ശതകോടികൾ ചെലവിട്ട് വ്യോമതാവളം നിർമിച്ചിട്ടുണ്ട്. മുടക്കിയ പണം തിരിച്ചുകിട്ടാതെ മടങ്ങുന്ന പ്രശ്നമില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എതിർത്താൽ ഇറാനു മേൽ അടിച്ചേൽപിച്ചതിലും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണിയും മുഴക്കി.
യുഎസിന്റേത് അതിസാഹസമാണെന്നു ചൈന കുറ്റപ്പെടുത്തി. ഇറാഖിലെ സൈനിക പരിശീലന പരിപാടികളുടെ ഭാവി തീരുമാനിക്കാൻ നാറ്റോ സമിതിയും ഉടൻ യോഗം ചേരും. എന്നാൽ ചർച്ചകൾക്കു പകരം ഭീഷണിക്കു മുതിരുന്നതു ശരിയായ സമീപനമല്ലെന്നും ഇറാഖിൽ സ്ഥിതി മെച്ചപ്പെടുത്താനുള്ള വർഷങ്ങളായുള്ള ശ്രമങ്ങൾ വിഫലമാകുമെന്നും ജർമൻ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് ചൂണ്ടിക്കാട്ടി. തങ്ങളുടെ പൂർണ പിന്തുണ ലഭിക്കാത്തതിലുള്ള അസന്തുഷ്ടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കിയതായും മാസ് അറിയിച്ചു.
അതേസമയം, ഇറാൻ ഒരു കാലത്തും ആണവായുധം സ്വന്തമാക്കാൻ പോകുന്നില്ലെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട് ഖാസിം സുലേമാനിയുടെ മകൾ ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. ഭ്രാന്തൻ എന്നാണ് മകള്‍ സൈനബ് സുലൈമാനി ട്രംപിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്ത് എത്തിയത്.