വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും, യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യയിലെന്നും ട്രംപ് പറയുന്നു. ഇക്കാരണം കൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുമായി വളരെ താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.
'എക്കാലത്തും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നു. ഒപ്പം റഷ്യ യുക്രെയ്നിലെ കൊലപാതകങ്ങള്‍ നിര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഈ സമയത്ത്, ചൈനയ്‌ക്കൊപ്പം റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് അവരാണ്. ഇതൊന്നും നല്ല കാര്യങ്ങളല്ല! അതിനാല്‍, ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ഇന്ത്യ 25% താരിഫും, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു പിഴയും നല്‍കേണ്ടി വരും.' ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.