തിരുവനന്തപുരം: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് ഒരു പ്രമുഖൻ കൂടി ബിജെപിയിലേക്ക്. തിരുവനന്തപുരം നഗരസഭാ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായരാണ് കോൺഗ്രസ് വിടുന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. കരുണാകരനുമായി അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു മഹേശ്വരൻ നായർ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ നേതാക്കൾ ഒന്നൊന്നായി പാർട്ടിവിടുന്നത് കോൺഗ്രസിന് കനത്ത ആഘാതമാണ്. പത്മജ ബിജെപിയിൽ ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് മുൻ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ സതീഷും ഉദയനും കെ.പി.സി.സി കായിക വേദി മുൻ പ്രസിഡന്റും മുൻ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷയുമായ പത്മിനി തോമസും ഉൾപ്പെടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
ദീർഘകാല പ്രവർത്തന പാരമ്പര്യമുള്ള തനിക്ക് കെ.പി.സി.സി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നുപറഞ്ഞാണ് തമ്പാനൂർ സതീഷ് ബിജെപിയോട് ചങ്ങാത്തം കൂടിയത്. പാർട്ടിയിലെ സ്ത്രീകൾക്ക് പരിഗണന ലഭിക്കുന്നില്ലെന്നും, പരിതാപകരമായ അവസ്ഥയിലുള്ള പാർട്ടിയിൽ നിലവിൽ അഞ്ച് ഗ്രൂപ്പുകളുണ്ടെന്നും പത്മിനി തോമസ് ആരോപിച്ചിരുന്നു.
കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പരേതനായ പനമ്പിള്ളി ഗോവിന്ദമേനോന്റെ കൊച്ചുമകൾ സുജാത മേനോനും ഭർത്താവ് അനിൽ കൃഷ്ണനും കഴിഞ്ഞദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്. കടവന്തറ ജവഹർ നഗറിലെ വസതിയിലെത്തി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി എസ്. സജി എന്നിവരാണ് അംഗത്വം നൽകിയത്.
പ്രമുഖരായ മറ്റുചില കോൺഗ്രസ് നേതാക്കളും ഉടൻതന്നെ പാർട്ടിവിട്ടേക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയും കോൺഗ്രസിന്റെ മുൻ എംഎൽഎയും പാർട്ടിവിട്ടേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
പാർട്ടിയിലെ പ്രശ്നത്തിന്റെ പേരിൽ ഇത്തവണ ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥിയായ വി മുരളീധരന് വോട്ടുചെയ്യണമെന്ന് സഹ്രപ്രവർത്തകരോട് ആവശ്യപ്പെടുന്ന ജില്ലയിലെ ഒരു കോൺഗ്രസ് നേതാവിന്റെ ഓഡിയോ സന്ദേശം അടുത്തിടെ സോഷ്യൽമീഡിയിൽ പ്രചരിച്ചിരുന്നു.