26.4 C
Kottayam
Friday, April 26, 2024

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഇനി ആരും അഗതികളല്ല, പുതിയ സംവിധാനം നിലവിൽ വന്നു

Must read

 

തിരുവനന്തപുരം: നിരാലംബരായ രോഗികള്‍ക്ക് കൈത്താങ്ങായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന ജീവനക്കാരുടെ കൂട്ടായ്മയില്‍ ഡെസ്റ്റിറ്റ്യൂട്ട് സ്കീം പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയില്‍ എല്ലാക്കാലത്തും അജ്ഞാതരും കൂട്ടിരിപ്പുകാരുമില്ലാത്ത നിരവധി രോഗികളെ ചികിത്സയ്ക്കായി എത്തിക്കാറുണ്ട്. സാധാരണഗതിയില്‍ അതാത് വാര്‍ഡുകളിലെ ഡോക്ടര്‍മാരും നേഴ്സുമാരുമാണ് ഇവരെ പരിചരിക്കുന്നത്. ചികിത്സ കഴിയുന്നതുവരെ ഈ രോഗികള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം അവരെക്കൊണ്ട് കഴിയുന്ന തരത്തില്‍ നല്‍കാറുണ്ട്. മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ഈ ഉദ്യമത്തില്‍ പങ്കുചേരും. എന്നാല്‍ ഒരു കൂട്ടിരിപ്പുകാരനില്‍ നിന്നും ലഭിക്കേണ്ട എല്ലാ സഹായങ്ങളും എല്ലായ്പ്പോഴും നല്‍കുന്നതില്‍ ഇവര്‍ക്കുള്ള പരിമിതി തിരിച്ചറിഞ്ഞ് നേഴ്സിംഗ് സൂപ്രണ്ട് വസന്തകുമാരിയുടെ ആശയത്തില്‍ പിറന്ന ഡെസ്റ്റിറ്റ്യൂട്ട് സ്കീം എന്ന ആശയം ആശുപത്രി അധികൃതര്‍ പൂര്‍ണ്ണ മനസോടെ ഏറ്റെടുക്കുകയായിരുന്നു. ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അവരവരുടേതായ സംഭാവനയായി നല്‍കിയ തുക സ്വരുക്കൂട്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് എന്നിവരടങ്ങുന്ന ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതിയ്ക്ക് ആവശ്യമായ ധനസമാഹരണം നടത്തിയത്. നേഴ്സിംഗ് ഓഫീസർ ഇൻ ചാർജ് ആർ രമണി രണ്ട് ഗ്രേഡ് വൺ അറ്റന്റർമാരെ നിയമിച്ച് പദ്ധതിയുടെ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കി. നിലവില്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ അജ്ഞാതരും കൂട്ടിരിപ്പുകാരില്ലാത്തവരുമായ 14 രോഗികളാണുള്ളത്. ഇവര്‍ക്ക് ആവശ്യമായ ആഹാരം, വസ്ത്രം, ഡയപ്പറുകള്‍ എന്നിവ ലഭ്യമാക്കുക, രോഗികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ലാബുകളിലെത്തിക്കുക, റിസള്‍ട്ട് വാങ്ങി നല്‍കുക, എക്സ്റെ ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകള്‍ക്കായി കൊണ്ടുപോകുക തുടങ്ങി വാര്‍ഡിലെ സ്റ്റാഫുകളെക്കൊണ്ടുമാത്രം ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങാണ് ഡെസ്റ്റിറ്റ്യൂട്ട് സ്കീമിലൂടെ ഉറപ്പുവരുത്തുന്നത്. വ്യാഴാഴ്ച മുതല്‍ ഡെസ്റ്റിറ്റ്യൂട്ട് സ്കീം പ്രവര്‍ത്തിച്ചു തുടങ്ങി. ചികിത്സ പൂര്‍ത്തിയാക്കിയശേഷം കൊണ്ടുപോകാന്‍ സ്വന്തക്കാര്‍ ആരുമില്ലാത്ത രോഗികളെ ഏതെങ്കിലും സന്നദ്ധ സംഘടനകളെ സമീപിച്ച് അവര്‍ക്ക് തുടര്‍ന്നുള്ള താമസസൗകര്യവും ഭക്ഷണവും ലഭ്യമാക്കാനും ഡെസ്റ്റിറ്റ്യൂട്ട് സ്കീമിന്‍റെ ഭാഗമായി നടപടി സ്വീകരിക്കും.
ചിത്രം: ഡെസ്റ്റിറ്റ്യൂട്ട് സ്കീം നടപ്പാക്കുന്നതിന്‍റെ തുടക്കം കുറിച്ചുകൊണ്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദിന്‍റെയും നേഴ്സുമാരുടെയും നേതൃത്വത്തില്‍ അശരണരായ രോഗികളെ പരിചരിക്കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week