തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പ്രളയത്തിന്റെ പിടിയിലമരുമ്പോള്‍ തലസ്ഥാന ജില്ലയിലെ കാര്യങ്ങള്‍ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ട കളക്ടര്‍ അവധിയില്‍. അടിയന്തര സാഹചര്യം കണക്കിലെടുത്ത് റവന്യു ഉദ്യോഗസ്ഥരടമുള്ള ആരും അവധിയില്‍ പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ് കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചത്. ഈ അടിയന്തര സാഹചര്യത്തില്‍ കളക്ടര്‍ അവധിയില്‍ പ്രവേശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിന് പുറമെ, ദുരിതാശ്വാസക്യാമ്പുകളിലേക്ക് സാമഗ്രികള്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും രണ്ട് ദിവസത്തിന് ശേഷം ഇതിനെക്കുറിച്ച് ആലോചിക്കാമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കളക്ടര്‍ പോസ്റ്റ് ചെയ്തതും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനും മറ്റ് പല സന്നദ്ധ സംഘടനകളും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാധനസാമഗ്രികള്‍ ശേഖരിച്ച് വടക്കന്‍ ജില്ലകളിലേക്ക് അയച്ചുതുടങ്ങുകയും ചെയ്തു തുടങ്ങി. പ്രളയം ദുരിതം വിതച്ച ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ് ജില്ലാ ഭരണകൂടമാണ്. കഴിഞ്ഞ പ്രളയകാലത്ത് കളക്ടറായിരുന്ന വാസുകി ഐപിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കുടുംബപരമായ ഒരു ചടങ്ങിനായാണ് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കളക്ടര്‍ അവധിക്കായി അപേക്ഷിച്ചത്. എന്നാല്‍ പ്രളയം വരുന്നതിന് രണ്ടാഴ്ച മുന്‍പ് തന്നെ അവധിക്ക് അപേക്ഷ നല്‍കി അനുമതി വാങ്ങിയിരുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിധാരണ പടര്‍ത്തുന്നുവെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്.