ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് നടി തൃഷ കൃഷ്ണനായിരുന്നു. വിജയ്‌യുടെ അടുത്ത സുഹൃത്തായ തൃഷയ്ക്ക് ചടങ്ങിൽ മുൻനിരയിൽ തന്നെയായിരുന്നു ഇരിപ്പിടം ഒരുക്കിയിരുന്നത്. തന്റെ അമ്മ ഉമാ കൃഷ്ണനൊപ്പമാണ് താരം ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തിയത്.
വേദിയിലെത്തിയ തൃഷ സദസിനെ കൈയുയർത്തി അഭിവാദ്യം ചെയ്ത ശേഷം വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനെയും ശോഭയെയും സന്ദർശിച്ചു. മുതിർന്നവരോടുള്ള ആദരസൂചകമായി അവരുടെ കാൽ തൊട്ട് വണങ്ങിയ താരം, വിജയ്‌യുടെ അമ്മ ശോഭയെ സ്നേഹത്തോടെ ആലിംഗനം ചെയ്ത ശേഷമാണ് സ്വന്തം സീറ്റിൽ പോയിരുന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി.
ചടങ്ങിൽ അതീവ സുന്ദരിയായിട്ടാണ് തൃഷ പ്രത്യക്ഷപ്പെട്ടത്. ഇളം നീല നിറത്തിലുള്ള മനോഹരമായ പട്ടുസാരിയും അതിന് അനുയോജ്യമായ ബീജ് നിറത്തിലുള്ള എംബ്രോയിഡറി വർക്ക് ചെയ്ത ബ്ലൗസുമായിരുന്നു വേഷം. ലക്ഷങ്ങൾ വിലമതിക്കുന്ന ഡയമണ്ടും റൂബിയും പതിപ്പിച്ച ചോക്കറും കമ്മലുമാണ് ആഭരണങ്ങളായി തിരഞ്ഞെടുത്തത്. മിനിമൽ മേക്കപ്പും മുല്ലപ്പൂവ് ചൂടിയ ലോ ബൺ ഹെയർസ്റ്റൈലും കൂടിയായപ്പോൾ താരം രാജകീയ ലുക്കിൽ തിളങ്ങി. തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട ഈ ജോഡികൾ രാഷ്ട്രീയ വേദിയിലും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.


