റാഞ്ചി: ഡിജിറ്റല്‍ യുഗത്തില്‍ തട്ടിപ്പും ഹൈടെക് ആകുന്നു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന എസ്.എസ്.സി ജി.ഡി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വിചിത്രമായ ക്രമക്കേടാണ് പുറത്തുവന്നിരിക്കുന്നത്. പരീക്ഷാ ഹാളിലിരിക്കുന്ന ഉദ്യോഗാര്‍ത്ഥി വെറുതെ ഇരുന്നാല്‍ മതി, പുറത്തിരിക്കുന്ന വിരുതന്മാര്‍ കമ്പ്യൂട്ടര്‍ നിയന്ത്രിച്ച് ഉത്തരങ്ങള്‍ എഴുതിക്കൊടുക്കും! ‘റിമോട്ട് ആക്‌സസ്’ വഴി നടന്ന ഈ വന്‍ തട്ടിപ്പില്‍ ആറ് ഉദ്യോഗാര്‍ത്ഥികളെ പോലീസ് പൊക്കി.
റാഞ്ചി പന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററിലായിരുന്നു സംഭവം. പരീക്ഷാ ഹാളിലുണ്ടായിരുന്ന നിരീക്ഷകന്‍ പെട്ടെന്ന് ഒരു കാഴ്ച കണ്ടു പകച്ചുപോയി. പരീക്ഷ എഴുതുന്ന ചില ഉദ്യോഗാര്‍ത്ഥികള്‍ കീബോര്‍ഡിലോ മൗസിലോ തൊടുന്നില്ല, പക്ഷേ സ്‌ക്രീനിലെ കഴ്‌സര്‍ തനിയെ നീങ്ങുന്നു, ഉത്തരങ്ങള്‍ ഓരോന്നായി ടിക് ചെയ്യപ്പെടുന്നു! ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. പ്രത്യേക സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് പരീക്ഷാ കേന്ദ്രത്തിന് പുറത്തിരിക്കുന്ന വിദഗ്ധര്‍ ഉദ്യോഗാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ ഹാക്ക് ചെയ്താണ് പരീക്ഷ എഴുതിയിരുന്നത്.
പിടിയിലായ ആറ് ഉദ്യോഗാര്‍ത്ഥികളില്‍ മൂന്ന് പേര്‍ അയല്‍സംസ്ഥാനമായ ബിഹാറില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ജാര്‍ഖണ്ഡിലെ വിവിധ ജില്ലക്കാരാണ്. ഡെറാഡൂണ്‍ ഉള്‍പ്പെടെയുള്ള വടക്കേന്ത്യന്‍ നഗരങ്ങളിലും സമാനമായ തട്ടിപ്പ് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റാഞ്ചി സിറ്റി എസ്.പി പരാസ് റാണ വ്യക്തമാക്കി. പരീക്ഷാ സെന്റര്‍ ഉടമയുടെയും സൂപ്രണ്ടിന്റെയും നേരിട്ടുള്ള ഒത്താശയോടെയാണ് ഈ ക്രമക്കേട് നടന്നത്. പോലീസെത്തിയതോടെ ഇവര്‍ സ്ഥലം വിട്ടു.
തട്ടിപ്പിന് ഉപയോഗിച്ച ആറ് കമ്പ്യൂട്ടറുകള്‍, മാസ്റ്റര്‍ കമ്പ്യൂട്ടറിന്റെ സി.പി.യു, രണ്ട് ഡി.വി.ആറുകള്‍, റൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ് എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ ആകാന്‍ കുറുക്കുവഴി തേടിയ ഈ കില്ലാഡികള്‍ക്ക് പണി പാളിയെന്ന് മാത്രമല്ല, ഇനി ജയിലഴികള്‍ എണ്ണേണ്ടി വരുമെന്ന് ഉറപ്പായി. സംഭവത്തിന് പിന്നില്‍ വലിയൊരു റിക്രൂട്ട്മെന്റ് മാഫിയ തന്നെ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. സി.ഐ.ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുമ്പോള്‍, കാശെറിഞ്ഞ് കസേര പിടിക്കാന്‍ നോക്കുന്ന ഇത്തരം വിരുതന്മാരെ പൂട്ടാന്‍ തന്നെയാണ് ജാര്‍ഖണ്ഡ് പോലീസിന്റെ തീരുമാനം.


