ലക്‌നൗ: പണത്തോടുള്ള ആര്‍ത്തിക്ക് മുന്നില്‍ ചോരബന്ധങ്ങള്‍ക്കും വിലയില്ലെന്ന് തെളിയിക്കുന്ന മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ഉത്തര്‍പ്രദേശില്‍ നിന്ന്. കുടുംബസ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അമ്മയെയും സ്വന്തം സഹോദരനെയും യുവാവ് വെടിവെച്ചു കൊന്നു. യുപിയിലെ ബന്ദയിലാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ രാജ്കിഷോര്‍ ഗുപ്ത എന്ന 'രാക്ഷസനായി' പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
രാജ്കിഷോറിന്റെ പിതാവ് കുടുംബസ്വത്ത് വിറ്റതാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. സ്വത്ത് വിറ്റുകിട്ടിയ പണത്തിന്റെ വിഹിതം തനിക്ക് വേണമെന്ന് രാജ്കിഷോര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാത്തതിനെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെ വീണ്ടും ഇതേ തര്‍ക്കം ഉണ്ടാവുകയും പ്രകോപിതനായ രാജ്കിഷോര്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അമ്മയ്ക്കും സഹോദരനും നേരെ തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു.
വെടിയൊച്ച കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയും മകനെയുമാണ്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു. തന്റെ സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി ഒളിവില്‍ പോയിരിക്കുന്നത്.
സംഭവം നടന്ന ഉടന്‍ തന്നെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ രാജ്കിഷോറിനെ പിടികൂടാന്‍ നാല് പ്രത്യേക പോലീസ് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇയാള്‍ക്കായി അതിര്‍ത്തി മേഖലകളിലും തിരച്ചില്‍ ശക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭരണകൂടം ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുമ്പോഴും, സാധാരണ കുടുംബങ്ങളില്‍ സ്വത്തിന്റെ പേരില്‍ തോക്കുകള്‍ ഗര്‍ജിക്കുന്നത് ഉത്തര്‍പ്രദേശില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്വന്തം അമ്മയെപ്പോലും കൊലപ്പെടുത്താന്‍ മടിക്കാത്ത ഇത്തരം ക്രിമിനലുകള്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.


