ഹൈദരാബാദ്: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ കനലുകള്‍ അന്താരാഷ്ട്ര വിപണിയെ പൊള്ളിക്കുമ്പോള്‍ ഇന്ത്യയില്‍ വിലക്കയറ്റം തടയാന്‍ ചില നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് മുന്നില്‍ പുതിയ സാമ്പത്തിക നയങ്ങള്‍ അവതരിപ്പിച്ചത്. അതിര്‍ത്തിയില്‍ പോയി തോക്കെടുക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ മിതവ്യയം പാലിക്കുന്നതും വലിയ രാജ്യസ്‌നേഹമാണെന്ന് മോദി ഓര്‍മ്മിപ്പിച്ചു.
അതിര്‍ത്തിയില്‍ ജീവന്‍ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നതും രാജ്യസ്‌നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കാര്‍ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും ‘വര്‍ക്ക് ഫ്രം ഹോം’ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, അടുത്ത ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ദൈനംദിന ആവശ്യങ്ങള്‍ക്കായി തദ്ദേശീയമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
കര്‍ഷകര്‍ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാന്‍ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
കോവിഡ് കാലത്ത് നാം ശീലിച്ച വര്‍ക്ക് ഫ്രം ഹോം രീതിയും ഓണ്‍ലൈന്‍ യോഗങ്ങളും വീണ്ടും സജീവമാക്കണമെന്നാണ് മോദി ആവശ്യപ്പെടുന്നത്. ഓരോ തുള്ളി ഇന്ധനം ലാഭിക്കുന്നതും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന് തുല്യമാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം. ഇന്ത്യയിലെ ഇടത്തരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന വിദേശ ടൂറിസത്തെയും വിദേശത്തെ വിവാഹ ആഘോഷങ്ങളെയും മോദി ലക്ഷ്യം വെക്കുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശ യാത്രകള്‍ ഒഴിവാക്കി ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ വിദേശനാണ്യം ചോരുന്നത് തടയാനാകും. അതിലും വിചിത്രമായ നിര്‍ദ്ദേശം സ്വര്‍ണ്ണത്തെക്കുറിച്ചാണ്. വിവാഹങ്ങള്‍ക്കും മറ്റുമായി അടുത്ത ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കൃഷിഭൂമിയില്‍ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജ്ജത്തിലേക്ക് മാറണമെന്നും അദ്ദേഹം കര്‍ഷകരോട് ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്ന് പറഞ്ഞാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ആഗോള പ്രതിസന്ധിയുടെ കാലത്ത് സാധാരണക്കാരന്റെ പോക്കറ്റ് സംരക്ഷിക്കാനും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നിലനിര്‍ത്താനുമുള്ള മോദിയുടെ ഈ ‘കടുത്ത ഉപദേശങ്ങള്‍’ അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മോദിയുടെ ഈ പ്ലാന്‍ വിലക്കയറ്റത്തിന് കടിഞ്ഞാണിടുമോ എന്ന് കാത്തിരുന്ന് കാണണം.
ആഗോള വിപണിയില്‍ ബാരലിന് 126 ഡോളറിലേക്ക് എണ്ണവില കുതിക്കുമ്പോള്‍, ഇന്ത്യയില്‍ ഇന്ധനവില വര്‍ദ്ധനവ് അനിവാര്യമാണെന്ന സൂചനകള്‍ക്കിടയിലാണ് ജനങ്ങളെ മുന്‍കൂട്ടി തയ്യാറാക്കുന്ന രീതിയിലുള്ള ഈ നിര്‍ദ്ദേശങ്ങള്‍ വരുന്നത്. മോദിയുടെ ഈ ‘മിതവ്യയ തന്ത്രം’ വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുമോ അതോ ഇതൊരു താല്‍ക്കാലിക ആശ്വാസം മാത്രമാണോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.


