റെയില്‍വേ സ്‌റ്റേഷനുകളിലൂടെ ഇന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നല്‍കും,കൂടുതല്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും
ന്യൂഡല്‍ഹി :ലോക്ഡൗണിനു ശേഷം ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേയ്ക്ക്. വീടുകളിലെത്താനാകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്. 100 ട്രെയിനുകളാണ് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിയ്ക്കുന്നത്.
അതേസമയം, റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിന്‍ ടിക്കറ്റുകള്‍ ഇന്നു മുതല്‍ നല്‍കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളിലൂടെയും 1.71 ലക്ഷം ജനസേവന കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ലഭിക്കും. കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്നും ബിജെപി വക്താവ് സംബിത് പത്രയുമായുള്ള വിഡിയോ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ട്രെയിനുകള്‍ക്കുള്ള ബുക്കിങ് ഇന്നലെ രാവിലെ തുടങ്ങി ജൂണ്‍ 10 മുതല്‍ മണ്‍സൂണ്‍ സമയക്രമത്തിലേക്കു മാറും. എസി കോച്ചുകളുമുണ്ടാകും. സ്റ്റോപ്പുകളും നിലവിലുള്ളതു തന്നെ. 30 ദിവസം മുന്‍പു വരെ ബുക്കു ചെയ്യാം. മുഴുവന്‍ റിസര്‍വ്ഡ് കോച്ചുകളായതിനാല്‍ ജനറല്‍ കംപാര്‍ട്മെന്റിലും സെക്കന്‍ഡ് സിറ്റിങ് നിരക്കും റിസര്‍വേഷന്‍ നിരക്കുമുണ്ടാവും.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, മുംബൈ- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്സ്പ്രസ്, നിസാമുദ്ദീന്‍ – എറണാകുളം തുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനുള്ളത്.
എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ജൂണ്‍ ഒന്നിന് ഓടിത്തുടങ്ങും. ഡല്‍ഹിയില്‍ നിന്നുള്ള മംഗള സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ 4നാണ്. നിസാമുദ്ദീന്‍ – എറണാകുളം വീക്ക്‌ലി തുരന്തോ എക്സ്പ്രസ് ജൂണ്‍ 6 മുതലും തിരിച്ചുള്ള ട്രെയിന്‍ ജൂണ്‍ 9 മുതലും. ഇവയുടെ സമയവും ജൂണ്‍ 10 മുതല്‍ മാറ്റമുണ്ടാകും.
തിരുവനന്തപുരം – കോഴിക്കോട് സര്‍വീസ് (02076) ദിവസവും രാവിലെ 5.55നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.15നു കോഴിക്കോട് എത്തും. കോഴിക്കോട് – തിരുവനന്തപുരം സര്‍വീസ് (02075) ഉച്ചയ്ക്ക് 1.45നു പുറപ്പെട്ട് രാത്രി 9.35നു തിരുവനന്തപുരത്ത് എത്തും. വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 3 എസി ചെയര്‍കാര്‍, 16 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കോച്ചുകള്‍ ട്രെയിനുകളില്‍ ഉണ്ടാകും.