CrimeKeralaNews

രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുമ്പോള്‍ ഉറങ്ങിക്കിടക്കുന്നവരുടെ  മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവര്‍ച്ച ; കൊച്ചിയിൽ ഇതര സംസ്ഥാന സംഘം പിടിയിൽ

കൊച്ചി: എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുന്ന സമയത്തു ചാടിക്കയറി ഉറങ്ങിക്കിടക്കുന്നവരുടെ  മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എടുക്കുകയാണ് ഇവരുടെ പതിവ്.

എറണാകുളം മാർഷലിങ് യാർഡിൽനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ കൊണ്ടുവരികയായിരുന്ന ടാറ്റാ നഗർ എക്സ്പ്രസിന്റെ ഏറ്റവും പുറകിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഒരു സംഘം കമ്മട്ടിപ്പാടത്തിന് സമീപത്തുവച്ച് പിടിച്ചു പറിച്ചു. ഈ കേസിന്റെ അന്വേഷണത്തിനായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. 

കമ്മട്ടിപ്പാടത്തിന് സമീപത്തുള്ള ഏകദേശം  ഇരുന്നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിക്കുകയും സമീപവാസികളെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ ബംഗാൾ സ്വദേശികളായ മുഹമ്മദ് മിസ്റ്റർ, അബു തലിം, ലാൽ ബാബു എന്നിവരാണ് കുറ്റകൃത്യം ചെയ്തത് എന്ന് മനസ്സിലാക്കി. മോഷ്ടിച്ച മൊബൈൽ ഫോണിന്റെ അവസാന ലോക്കേഷൻ കാണിച്ചിരുന്നതു നോർത്ത് പാലത്തിനു സമീപത്തായിരുന്നു.

ഇവിടെ നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ ചോദ്യം ചെയ്തതോടെയാണ് പ്രതികൾ ഇവരാണെന്നു തിരിച്ചറിഞ്ഞത്. ഏകദേശം 2 മാസം മുൻപാണ് മൂവരും കേരളത്തിൽ എത്തിയത്. ബംഗ്ലദേശ് സ്വദേശികളാണോ എന്നു സംശയമുണ്ടെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആധാർ കാർഡ് അടക്കം വ്യാജമാണോ എന്നു പരിശോധിക്കും.

മോഷ്ടിച്ചെടുക്കുന്ന മൊബൈൽ അടക്കമുള്ള വസ്തുക്കൾ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റ് കാശാക്കുന്നത് ആർഭാട ജീവിതത്തിനും ഒപ്പം ലഹരിപദാർഥങ്ങൾ  ഉപയോഗിക്കുന്നതിനുമാണെന്ന് ആർപിഎഫ് വ്യക്തമാക്കി. ഇവർ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. വഴിവക്കിലും കടത്തിണ്ണകളിലുമാണ് ഉറക്കം.

ആർപിഎഫ് തിരുവനന്തപുരം സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ തൻവി പ്രഭുൽ ഗുപ്ത, അസിസ്റ്റൻറ് സെക്യൂരിറ്റി കമ്മിഷണർ സുപ്രിയ കുമാർദാസ്, ക്രൈം ഇൻറലിജൻസ് തിരുവനന്തപുരം ഇൻസ്പെക്ടർ വിപിൻ.എ.ജെ, ആർപിഎഫ് എറണാകുളം ഇൻസ്പെക്ടർ ബിനോയ് ആന്റണി, സബ് ഇൻസ്പെക്ടർമാരായ പ്രയ്സ് മാത്യു, ഫിലിപ്സ് ജോൺ, സിജോ സേവിയർ, ബിജു എബ്രഹാം, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്, വിപിൻ.ജി, അജയഘോഷ്, പി.അജി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button