KeralaNews

അക്കൗണ്ട് തുറന്നിട്ടും കാര്യമില്ല,കെ.സുരേന്ദ്രന് കെട്ടിവെച്ച് കാശ് പോയി;എട്ട് എന്‍.ഡി.എ സ്ഥാനാർത്ഥികൾക്ക് പണം നഷ്ടം, മധ്യപ്രദേശില്‍ പണം പോയത് 321 പേര്‍ക്ക്‌

തിരുവനന്തപുരം:സംസ്ഥാനത്ത് ബിജെപി ഇതാദ്യമായി അക്കൗണ്ട് തുറക്കുകയും മറ്റൊരു സീറ്റിൽ രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്തിട്ടും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെ ഒമ്പത് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. മൊത്തം പോൾ ചെയ്ത വോട്ടിൻ്റെ ആറിലൊന്ന്, അഥവാ 16.7 ശതമാനം വോട്ട് നേടാനാകാത്ത വന്ന സാഹചര്യത്തിലാണ് കെട്ടിവച്ച തുകയായ 25,000 നഷ്ടപ്പെടുന്നത്.

തുകയുടെ വലുപ്പത്തേക്കാളുപരി തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന മിനിമം ജനപിന്തുണ നേടാൻ കഴിയാതെ വരിക എന്നത് പാർട്ടികളെയും മത്സരാർത്ഥികളെയും സംബന്ധിച്ച് രാഷ്ട്രിയമായി കടുത്ത തിരിച്ചടിയും അപമാനവുമാണ്. അതാണിവിടെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് അടക്കമുളളവർക്ക് ഉണ്ടായിരിക്കുന്ന ഗതികേട്.

വയനാട്ടിൽ യുഡിഎഫിനും എൽഡിഎഫിനുമെതിരായി മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് മൊത്തം പോൾ ചെയ്ത വോട്ടിൽ കേവലം 13 ശതമാനം വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. കെട്ടിവച്ച കാശ് തിരിച്ചു കിട്ടണമെങ്കിൽ 16.7 ശതമാനമായ 1,90,899 വോട്ട് നേടേണ്ടിയിരുന്നു. കിട്ടിയതാകട്ടെ 1,41,045 വോട്ടുകളും. ഇതാണ് കടുത്ത നാണക്കേടിലേക്ക് പാർട്ടിയെയും പ്രസിഡൻ്റിനെയും എത്തിക്കുന്നത്.

വയനാട്ടിൽ ആകെ പോൾ ചെയ്തത് – 10, 84, 653

രാഹുൽ ഗാന്ധി (UDF) – 647445 വോട്ട് (59.7%), ആനിരാജ (LDF) – 283023 (26.I %), കെ.സുരേന്ദ്രൻ (NDA) – 141045 (13%)

ഭൂരിപക്ഷം – 3,64,422

അതേസമയം 2019ൽ തുഷാർ വെള്ളാപ്പള്ളി നേടിയതിലും 62,000ലധികം വോട്ടിൻ്റെ വർധന ഉണ്ടാക്കാൻ സുരേന്ദ്രന് കഴിഞ്ഞു.

സുരേന്ദ്രനെ കൂടാതെ എൻഡിഎ മുന്നണിയിലെ മറ്റ് എട്ട് പേർക്ക് കൂടി കെട്ടിവച്ച തുക നഷ്ടമായി.

സി.രഘുനാഥ് – കണ്ണൂർ (11.27%), പ്രഫുൽ കൃഷ്ണ – വടകര (9.97%), കെ.എ.ഉണ്ണികൃഷ്ണൻ – ചാലക്കുടി (11.18 %), ഡോ.കെ.എസ് രാധാകൃഷ്ണൻ – എറണാകുളം (15.87 %), അഡ്വ.നിവേദിത – പൊന്നാനി (12.16 %), ഡോ.അബ്ദുൾ സലാം – മലപ്പുറം (7.87 %), സംഗീത വിശ്വനാഥൻ – ഇടുക്കി (10.86 %), ബൈജു കലാശാല – മാവേലിക്കര (15.98 %)

എന്നാൽ സുരേഷ് ഗോപിയടക്കം എൻഡിഎയുടെ 11 സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് തിരിച്ചുകിട്ടിയതും മുന്നണിയെ സംബന്ധിച്ച് ആശ്വാസമാണ്. തിരുവനന്തപുരത്ത് മത്സരിച്ച രാജീവ് ചന്ദ്രശേഖറിന് 35.52 ശതമാനവും ആറ്റിങ്ങലിലെ സ്ഥാനാർത്ഥി വി.മുരളീധരന് 31.64 ശതമാനവും ആലപ്പുഴയിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് 28.3 ശതമാനവും ലഭിച്ചത് ഗംഭീര നേട്ടങ്ങളായാണ് പാർട്ടി ദേശീയ നേതൃത്വമടക്കം വിലയിരുത്തുന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ 13 സ്ഥാനാർത്ഥികൾക്കാണ് സെക്യൂരിറ്റി തുക നഷ്ടപ്പെട്ടത്. അത് പരിഗണിച്ചാൽ പാർട്ടിയുടെ നില മെച്ചപ്പെട്ടു എന്നതിൽ സംസ്ഥാന നേതൃത്വത്തിന് ആശ്വസിക്കാം. അതേസമയം കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ച കെ.സുരേന്ദ്രന് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയിരുന്നു. അന്ന് സുരേന്ദ്രൻ പിടിച്ചത്ര വോട്ടുകൾ നേടാൻ ഇത്തവണ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ വയനാട്ടിൽ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിക്ക് സെക്യൂരിറ്റി തുക നഷ്ടപ്പെട്ടിരുന്നു. ഇത്തവണ കോട്ടയത്ത് തുഷാറിന് തുക തിരിച്ചുകിട്ടുകയും ചെയ്തിട്ടുണ്ട്. 2019ൽ ആലപ്പുഴയിൽ കെട്ടിവെച്ച കാശ് നേടിയ ഡോ.കെ.എസ്.രാധാകൃഷ്ണന് ഇത്തവണ എറണാകുളത്ത് കാശ് പോയി എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണി ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് വിഹിതം കൂട്ടുകയും അക്കൗണ്ട് തുറക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് കുതിച്ചുയരുന്നത്. ഇത്തവണ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമത് എത്തിയെന്നതും 19.26 ശതമാനം വോട്ട് നേടിയെന്നതും വളർച്ചയുടെ ഗ്രാഫ് മുകളിലേക്കാണ് എന്നതിൻ്റെ ലക്ഷണങ്ങളാണ്. നരേന്ദ്ര മോദി മൂന്നാം വട്ടം അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തെ ബിജെപിയുടെ ക്രമാനുഗതമായ വളർച്ച ദേശീയ നേതൃത്വത്തിന് പ്രതീക്ഷ നൽകുന്നതാണ്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിച്ച 369 സ്ഥാനാർത്ഥികളിൽ 321 പേർക്കും കെട്ടി വെച്ച പണം നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ എല്ലാ സീറ്റിലും ബിജെപിയായിരുന്നു ജയിച്ചത്. 12,500 മുതൽ 25000 രൂപ വരെയാണ് സ്ഥാനാർത്ഥികൾക്ക് നഷ്ടമായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം തൂത്തുവാരി ബിജെപി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

മധ്യപ്രദേശിൽ 40 വർഷത്തിന് ശേഷം ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറി. 26 മണ്ഡലങ്ങളിൽ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വോട്ടുകൾക്കാണ് ബിജെപിയുടെ വിജയിച്ച് കയറിയത്. ഭിൻഡ്, ഗ്വാളിയോർ, മൊറേന മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിൽ താഴെ ഭൂരിപക്ഷത്തിനും വിജയിച്ചു. ബിജെപിക്ക് 59.3 ശതമാനം വോട്ട് വിഹിതം ലഭിച്ചു. 2019 ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1.3 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്. 

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി കരുത്ത് കാട്ടിയെങ്കിലും പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് അടിപതറി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേരി ആന്‍ഡ് ദാമന്‍ ദിയൂ, ഹിമാചല്‍പ്രദേശ്, ജമ്മു ആന്‍ഡ് കശ്‌മീര്‍, ലഡാക്ക്, മധ്യപ്രദേശ്, മിസോറാം, ദില്ലി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവയാണ് 18-ാം ലോക്‌സഭയില്‍ ഒരു കോണ്‍ഗ്രസ് എംപി പോലുമില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 

ഇവയില്‍ ആന്‍ഡമാനില്‍ ആകെയുള്ള ഒരു സീറ്റില്‍ ബിജെപിയോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് റായ് ശര്‍മ്മ തോറ്റു. ദാദര്‍ ആന്‍ഡ് നാഗര്‍ ഹാവേലിയില്‍ ബിജെപിയോടും ദാമന്‍ ദിയുവില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയോടും കോണ്‍ഗ്രസ് തോല്‍വി വഴങ്ങി. ജമ്മു കശ്‌മീരിലെ ജമ്മു മണ്ഡലത്തിലും ഉദംപൂരിലും ബിജെപിയോട് തോല്‍ക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ വിധി. ലഡാക്കിലെ ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയോടും മിസോറാമിലെ ഒരു സീറ്റില്‍ സോറം പീപ്പിള്‍ മൂവ്‌മെന്‍റിനോടും സിക്കിമിലെ ഒരു സീറ്റില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയോടും ത്രിപുര വെസ്റ്റില്‍ ബിജെപി സ്ഥാനാര്‍ഥിയോടും കോണ്‍ഗ്രസ് പരാജയപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker