മുംബൈ:അടുത്തിടെയാണ് ജനപ്രിയ വാഹന നിർമ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ഏറ്റവും പുതിയ എംപിവിയായി ടൊയോട്ട റൂമിയോൺ (Toyota Rumion) ഇന്ത്യയിൽ അവതരിപ്പിച്ചത്. മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്ജ് ചെയ്ത റൂമിയോണിലെ ഇന്നോവ ക്രിസ്റ്റയിൽ നിന്നുള്ള ഡിസൈൻ ഘടകങ്ങളും ഉൾപ്പെടുത്തിയാണ് ടൊയോട്ട വണഫിയിലെത്തിച്ചിരിക്കുന്നത്. നാല് വേരിയന്റുകളിലാണ് ടൊയോട്ട റൂമിയോൺ ലഭ്യമാകുന്നത്. ഈ വാഹനത്തിന്റെ വേരിയന്റുകൾ തിരിച്ചുള്ള സവിശേഷതകളാണ് നമ്മളിന്ന് നോക്കുന്നത്.
ടൊയോട്ട റൂമിയോൺ എംപിവി ഇന്ത്യയിലെ നാലാമത്തെ ബാഡ്ജ് എഞ്ചിനീയറിങ് ടൊയോട്ട ഉൽപ്പന്നമാണ്. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട പുറത്തിറക്കുന്ന രാജ്യത്തെ ഏറ്റവും വില കുറഞ്ഞ എംപിവി ആയിരിക്കും റൂമിയോൺ എന്നതും എടുത്തുപറയേണ്ടതാണ്. ടൊയോട്ട റൂമിയോൺ പുതിയ ഫ്രണ്ട് ബമ്പറും ഗ്രില്ലുമായിട്ടാണ് വരുന്നകത്. ഇതോടൊപ്പം എംപിവിയിൽ പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകളും കമ്പനി നൽകിയിട്ടുണ്ട്. പുതിയ റിയർ ബമ്പറും ടൊയോട്ട റൂമിയോണിലുണ്ട്.
മാരുതി സുസുക്കി എർട്ടിഗയുടെ ഇന്റീരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ടൊയോട്ട റൂമിയോൺ എംപിവിയുടെ ഇന്റീരിയറിൽ കമ്പനി ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ശ്രദ്ധേയമായ വ്യത്യാസങ്ങളിൽ ഏറ്റവും പ്രധാനം മരത്തടി പോലെ തോന്നിക്കുന്ന ഇൻസെർട്ടുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് ഡാഷ്ബോർഡാണ്. മാരുതി സുസുക്കി എർട്ടിഗയുടേതിന് സമാനമാണ് ടൊയോട്ട റൂമിയോണിന്റെ അപ്ഹോൾസ്റ്ററി. ടൊയോട്ടോ വാഹനം കൂടുതൽ പ്രീമിയമായി അനുഭവപ്പെടുന്നുണ്ട്.
പെട്രോൾ എഞ്ചിൻ
ടൊയോട്ട റൂമിയോൺ എംപിവി മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ അവതരിപ്പിക്കും. ഈ പവർട്രെയിനുകളെല്ലാം മാരുതി സുസുക്കി എർട്ടിഗ എംപിവിയിൽ നിന്നും നേരിട്ട് എടുക്കുന്നതായിരിക്കും. മാരുതി സുസുക്കി എർട്ടിഗയിലെ 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 101.6 ബിഎച്ച്പിയും 136.8 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതേ എഞ്ചിൻ ടൊയോട്ട റൂമിയോണിലും ഉണ്ടായിരിക്കും.
സിഎൻജി എഞ്ചിൻ
ടൊയോട്ട റൂമിയോൺ എംപിവിയിൽ മാരുതി സുസുക്കി എർട്ടിഗയിലുള്ള സിഎൻജി എഞ്ചിനും കമ്പനി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഎൻജിയിലും പെട്രോളിലും പ്രവർത്തിക്കാൻ ഡിസൈൻ ചെയ്തിട്ടുള്ള ഈ എഞ്ചിന്റെ പരിഷ്കരിച്ച പതിപ്പാണ് ടൊയോട്ട എംപിവിയിൽ ഉപയോഗിക്കുന്നത്. സിഎൻജി മോഡിലുള്ള ഈ ഡ്യുവൽ ഫ്യൂവൽ പവർട്രെയിൻ 88 ബിഎച്ച്പി പവറും 121.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രമേ ലഭ്യമാവുകയുള്ളു.
ടൊയോട്ട റൂമിയോൺ എംപിവിക്ക് ഒരു കിലോ സിഎൻജിയിൽ 26.11 കിലോമീറ്റർ മൈലേജ് നൽകാൻ ഈ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ ടൊയോട്ട റൂമിയോണും മാരുതി സുസുക്കി എർട്ടിഗയും സമാനമായ ഫീച്ചറുകളായിരിക്കും ഉണ്ടായിരിക്കുക. വേരിയന്റുകളിലെല്ലാം ചില വ്യത്യാസങ്ങൾ വരുത്താൻ സാധ്യതയുണ്ട്. മാരുതി സുസുക്കി എർട്ടിഗയെക്കാൾ അല്പം വില കൂടിയ മോഡലായിരിക്കും ടൊയോട്ട റൂമിയോൺ.