ചിത്രീകരണത്തിനിടെ പരുക്ക്; ടൊവിനോ തോമസ് ഐ.സി.യുവില്‍

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അപകടം നടന്നത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടര്‍ച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. രണ്ടുദിവസം മുന്‍പ് പിറവത്തെ സെറ്റില്‍വച്ചാണ് പരുക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരുക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. വന്യജിവിതം പ്രമേയമാകുന്ന ചിത്രമാണ് കള. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News