24.7 C
Kottayam
Wednesday, May 22, 2024

നിയമസഭയിലെ കൈയ്യാങ്കളി; പ്രതികള്‍ക്ക് ജാമ്യം

Must read

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാക്കളായ വി. ശിവന്‍കുട്ടി, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത്ത് എന്നിവര്‍ ജാമ്യമെടുത്തു. ഒക്ടോബര്‍ 15ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് ജാമ്യമെടുത്തത്. ഓരോ പ്രതികളും 35,000 രൂപ വീതം കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ മന്ത്രിമാരായ കെ.ടി. ജലീലും ഇ.പി. ജയരാജനും ജാമ്യമെടുത്തില്ല. തിരുവനന്തപുരം സിജഐം കോടതിയില്‍ നേരിട്ടെത്തിയാണ് പ്രതികള്‍ ജാമ്യമെടുത്തത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ നേരത്തെ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എന്നിവരുള്‍പ്പെടെ കേസിലെ ആറു പ്രതികളും അടുത്ത മാസം 15നു ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ അതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതിത്തള്ളാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവും കോടതി കണക്കിലെടുത്തു. നിയമസഭാംഗങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ സമൂഹം കണ്ടതാണെന്ന് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ആര്‍. ജയകൃഷ്ണന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

2015 മാര്‍ച്ച് 13ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് ബാര്‍ കോഴക്കേസിലെ പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭയില്‍ കൈയാങ്കളിയും അക്രമവും അരങ്ങേറിയത്. അന്നത്തെ പ്രതിപക്ഷ എംഎല്‍എമാരും ഇപ്പോള്‍ മന്ത്രിമാരുമായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എന്നിവരും കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവന്‍, വി. ശിവന്‍കുട്ടി എന്നിവരുമാണ് കേസിലെ പ്രതികള്‍. സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, മൈക്ക് യൂണിറ്റുകള്‍, ഡിജിറ്റല്‍ ക്ലോക്ക്, മോണിറ്റര്‍, ഹെഡ്‌ഫോണ്‍ എന്നിവ നശിപ്പിച്ചതിലൂടെ രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഈ നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ആറു പേര്‍ തടസഹര്‍ജി നല്‍കി. ഇവരുടെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ കേട്ടതിനു ശേഷമാണ് കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week