ചായ തണുത്തുപോയെന്ന് പറഞ്ഞ് ചൂടുചായ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു; ബസില്‍ കയറി രക്ഷപ്പെട്ട വിനോദസഞ്ചാര സംഘത്തെ വളഞ്ഞിട്ട് പിടിച്ച് മര്‍ദ്ദിച്ചു!

മൂന്നാര്‍: ചായ മുഖത്തൊഴിച്ച ശേഷം ബസില്‍ കയറി സ്ഥലം വിട്ട വിനോദസഞ്ചാരികളെ ഹോട്ടല്‍ ജീവനക്കാര്‍ ബസ് വളഞ്ഞിട്ട് പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് സാരമായി മര്‍ദനമേറ്റത്. ഇവരെ ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റിയിരിക്കുകയാണ്.

ശനിയാഴ്ച രാത്രി എട്ടുമണിക്ക് ടോപ്പ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന യുവാക്കളുടെ സംഘം രാത്രിയില്‍ ചായകുടിക്കാനായി ഹോട്ടലില്‍ കയറി. തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാള്‍ ചൂടുചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. ഇതിനിടെ സഞ്ചാരികള്‍ ബസില്‍കയറി സ്ഥലംവിടുകയായിരുന്നു.

എന്നാല്‍, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കില്‍ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞിട്ടു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നാര്‍ എസ്.ഐ. എം.പി.സാഗറിന്റെ നേതൃത്വത്തില്‍ പോലീസ് ടോപ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. പരാതി ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News