31.7 C
Kottayam
Sunday, May 12, 2024

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽനിന്ന് മുങ്ങിയതായി ആരോപണം

Must read

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതായി ആരോപണം. ലൂമിനസ് ബസിലെ ഡ്രൈവര്‍ ജോമോനെ നിലവില്‍ പോലീസിന് കസ്റ്റഡിയിലെടുക്കാനായിട്ടില്ല.

വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയിലെത്തിയ ഡ്രൈവര്‍ ജോമോന്‍ ജോജോ പത്രോസ് എന്ന പേരിലാണ് ചികിത്സ തേടിയത്‌. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് പോയെന്നാണ് പറയുന്നത്. പുലര്‍ച്ചെ മൂന്നരയോടെ പോലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയില്‍ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്‌സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും വ്യക്തമാക്കി.

‘ഡ്രൈവറാണോ അധ്യാപകനാണോ എന്ന് അയാള്‍ എന്റടുത്ത് ആദ്യം പറഞ്ഞിരുന്നില്ല. സിസ്റ്റര്‍മാര്‍ ചോദിച്ചപ്പോള്‍ അധ്യാപകനാണെന്നാണ് പറഞ്ഞത്. കൂറേ ചോദിച്ചു, ചോദിച്ചു വന്നപ്പോഴാണ് ഞാന്‍ ഡ്രൈവറാണെന്ന് പറഞ്ഞത്. അഡ്മിറ്റ് ചെയ്തിരുന്നില്ല’ – ജോമോനെ ചികിത്സിച്ച ഡോക്ടര്‍ പ്രതികരിച്ചു.

‘മുന്നില്‍ ഒരു കെഎസ്ആര്‍ടിസി ബസ് വൈറ്റില മുതല്‍ റോഡിന്റെ മധ്യത്തിലൂടെയായിരുന്നു പോയിരുന്നത്. ഹോണടിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് കെഎസ്ആര്‍ടിസി ഇടുതഭാഗത്തേക്കെടുത്തു. ഇതോടെ കെഎസ്ആര്‍ടിസിയുടെ പിന്‍വശം വലത് ഭാഗത്തേക്ക് വന്നിടിച്ച് താന്‍ തെറിച്ചുപോയി. ഇതോടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് തന്നെ മറിയുകയായിരുന്നു’ ഇങ്ങനെയാണ് ചികിത്സ തേടിയ ഡ്രൈവര്‍ എന്ന് പറയുന്ന ആള്‍ തന്നോട് പറഞ്ഞതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വടക്കാഞ്ചേരിക്ക് സമീപം മംഗലത്ത് വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയെന്ന് ആരോപിക്കുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ച് മറിഞ്ഞുള്ള അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളുമായിട്ട് ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു ലൂമിനസ് എന്ന ടൂറിസ്റ്റ് ബസ്. മരിച്ച ഒമ്പത് പേരില്‍ മൂന്ന് പേര്‍ കെഎസ്ആര്‍ടിസി ബസിലുള്ളവരാണ്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതില്‍ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week