26.7 C
Kottayam
Wednesday, May 29, 2024

സുകുമാരക്കുറുപ്പ് മോഡല്‍ ചെന്നൈയില്‍,ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സിനായി കൊലപാതകം;ഒടുവില്‍ പദ്ധതി പാളിയതിങ്ങനെ

Must read

ചെന്നൈ: ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി മറ്റൊരാളെ കൊലപ്പെടുത്തി, മരിച്ചത് താനാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ചെന്നൈ അയനാവരത്തെ ജിം പരിശീലകനായ സുരേഷി(38)നെയാണ് പോലീസ് പിടികൂടിയത്. കൃത്യത്തില്‍ പങ്കാളികളായ ഇയാളുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

സുരേഷിന്റെ പേരിലുള്ള ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഇയാളുടെ മുന്‍ വാടകക്കാരനായ ദില്ലിബാബുവിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. സുരേഷിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ കുടിലിന് തീയിട്ടാണ് ദില്ലി ബാബുവിനെ കൊലപ്പെടുത്തിയതെന്നും പൊള്ളലേറ്റ് മരിച്ചത് സുരേഷാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.

ഒരുകോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് സുരേഷിന്റെ പേരിലുണ്ടായിരുന്നത്. സുരേഷിന്റെ മരണശേഷം ഈ തുക കുടുംബത്തിനാണ് ലഭിക്കുക. ഇത് മനസിലാക്കിയാണ് കേരളത്തില്‍ സുകുമാരക്കുറുപ്പ് നടത്തിയ ചാക്കോ മോഡല്‍ കൊലപാതകം പ്രതികള്‍ ആസൂത്രണംചെയ്തത്.

2023 സെപ്റ്റംബറിലാണ് സുരേഷ് അടക്കമുള്ള പ്രതികള്‍ കൊലപാതകത്തിന് പദ്ധതിയിട്ടത്. സുരേഷിന്റെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തുക എന്നതായിരുന്നു ഇതിന്റെ ആദ്യഘട്ടം. ഈ അന്വേഷണത്തിലാണ് ഇയാളുടെ വാടകവീട്ടില്‍ മുന്‍പ് താമസിച്ചിരുന്ന ദില്ലി ബാബുവിനെ കണ്ടെത്തിയത്. ഇതോടെ സുരേഷിന്റെ ശരീരഘടനയുമായി സാമ്യമുള്ള ദില്ലി ബാബുവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മൂവരുംചേര്‍ന്ന് ദില്ലി ബാബുവിനെ പുതുച്ചേരിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മദ്യപിക്കാമെന്ന് പറഞ്ഞാണ് ദില്ലിബാബുവിനെ പ്രതികള്‍ പുതുച്ചേരിയില്‍ എത്തിച്ചത്. പിന്നാലെ സുരേഷിന്റെ കുടുംബത്തിന്റെ പേരിലുള്ള കൃഷിയിടത്തിലേക്ക് കൊണ്ടുപോയി. ഇവിടെയുള്ള കുടിലിലേക്കാണ് ദില്ലി ബാബുവിനെ എത്തിച്ചത്. പിന്നാലെ ഈ കുടിലിന് പ്രതികള്‍ തീയിട്ടെന്നും പൊള്ളലേറ്റ ദില്ലി ബാബു വെന്തുമരിച്ചെന്നും പോലീസ് പറഞ്ഞു.

കൃത്യത്തിന് പിന്നാലെ മുഖ്യപ്രതിയായ സുരേഷ് നാട്ടില്‍നിന്ന് കടന്നു. കുടിലിന് തീപിടിച്ച് മരിച്ചത് സുരേഷാണെന്ന് ബന്ധുക്കള്‍ കരുതി. മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരചടങ്ങുകളും നടത്തി. എന്നാല്‍, സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. പ്രതിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചു. സുരേഷിന്റെ സഹോദരി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്.

ജീവനൊടുക്കിയതാണെന്ന എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിഷേധിച്ചു. ഇതോടെ സുരേഷിന്റെ പദ്ധതികളെല്ലാം പാളിപ്പോകുകയായിരുന്നു. ആത്മഹത്യ ചെയ്തവര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമിന് അവകാശമില്ലെന്ന ചട്ടമാണ് സുരേഷിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയായത്.

അതേസമയം, ദില്ലി ബാബുവിനെ കാണാനില്ല് അമ്മ ലീലാവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. മകനെ കണ്ടെത്താനായി ഇവര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിം പരിശീലകനായ സുരേഷിനൊപ്പം ദില്ലിബാബുവിനെ കണ്ടിരുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് പിന്നീട് വിശദമായ അന്വേഷണം നടത്തിയ പോലീസ് സംഘം സുരേഷിന്റെ ചില സുഹൃത്തുക്കളെ ചോദ്യംചെയ്തു. ഇതോടെയാണ് ദില്ലി ബാബുവിനെ കൊലപ്പെടുത്തിയതാണെന്നും ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് കൃത്യം നടത്തിയതെന്നും പോലീസിന് വ്യക്തമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week