ഹൈദരാബാദ്:തിരുപ്പതി ലഡു വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ് നടന്‍ കാര്‍ത്തി നടത്തിയ പരാമര്‍ശനം ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണായിരുന്നു പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തില്‍ കാര്‍ത്തി മാപ്പും പറഞ്ഞിരുന്നു. ഇപ്പോഴിതാ മാപ്പുപറഞ്ഞ കാര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ടും പിന്തുണ നല്‍കിയും എത്തിയിരിക്കുകയാണ് പവന്‍ കല്യാണ്‍.
കാര്‍ത്തിയുടെ ആത്മാര്‍ഥമായ പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്നും പ്രശസ്തരായ വ്യക്തികള്‍ നമ്മുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പവന്‍ കല്യാണിന്റെ പ്രതികരണം.
‘പ്രിയപ്പെട്ട കാര്‍ത്തി, നിങ്ങളുടെ വിനയപൂര്‍വവും വേഗത്തിലുള്ളതുമായ പ്രതികരണത്തെയും നമ്മുടെ പാരമ്പര്യങ്ങളോട് നിങ്ങള്‍ കാണിച്ച ബഹുമാനത്തെയും ഞാന്‍ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. തിരുപ്പതി ക്ഷേത്രവും അവിടുത്തെ പ്രസാദമായ അതിവിശിഷ്ടമായ ലഡുവും പോലെയുള്ള നമ്മുടെ വിശ്വാസപരമായ കാര്യങ്ങള്‍ ദശലക്ഷക്കണക്കിന് ഭക്തര്‍ ആഴത്തിലുള്ള ഭക്തിയോടെയും വൈകാരികതയോടെയുമാണ് നോക്കികാണുന്നത്. അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങള്‍ നമ്മള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണു ഞാന്‍ ആഗ്രഹിച്ചത്.
നിങ്ങളുടെ പ്രതികരണത്തിന് പിന്നില്‍ പ്രത്യേകിച്ച് ദുരുദ്ദേശം ഒന്നും ഇല്ലെന്നും അത് മനഃപൂര്‍വം ചെയ്തത് അല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. നമ്മള്‍ ഏറ്റവും വിലമതിക്കുന്ന സംസ്‌കാരവും ആത്മീയ മൂല്യങ്ങളും ഐക്യത്തോടെയും ആദരവോടെയും നിലനിര്‍ത്തുക എന്നുള്ളതാകണം സമൂഹത്തില്‍ പ്രശസ്തരായ വ്യക്തികള്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വം. സിനിമയിലൂടെ സമൂഹത്തില്‍ മാതൃക കാണിക്കുന്ന നമ്മള്‍ എപ്പോഴും ഈ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം.
അര്‍പ്പണബോധവും കഴിവും കൊണ്ട് നമ്മുടെ സിനിമയെ സമ്പന്നമാക്കിയ ഒരു ശ്രദ്ധേയനായ നടന്‍ എന്ന നിലയില്‍ നിങ്ങളോടുള്ള എന്റെ ആദരവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു. കൂടാതെ സൂര്യ, ജ്യോതിക തുടങ്ങി എല്ലാവര്‍ക്കും എന്റെ ആശംസകള്‍. റിലീസ് ചെയ്യാനൊരുങ്ങുന്നു നിങ്ങളുടെ മെയ്യഴകന്‍ എന്ന ചിത്രത്തിന് ആശംസകള്‍. ചിത്രം പ്രേക്ഷകരെ ആനന്ദിപ്പിക്കട്ടെ’, പവന്‍ കല്യാണ്‍ കുറിച്ചു. പിന്നാലെ പവന്‍ കല്യാണിന് നന്ദി പറഞ്ഞുകൊണ്ട് നടന്മാരായ സൂര്യയും കാര്‍ത്തിയും രംഗത്തെത്തുകയും ചെയ്തു.
ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദം സിനിമയിലേക്കും വളരെപ്പെട്ടെന്ന് പടര്‍ന്നിരുന്നു. ഹൈദരാബാദില്‍ സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടെ അവതാരക സ്‌ക്രീനില്‍ ഏതാനും മീമുകള്‍ കാണിച്ച് അതേക്കുറിച്ച് മനസില്‍ വരുന്നത് പറയാന്‍ കാര്‍ത്തിയോട്. അതിലൊരു മീം ലഡുവിന്റെ ചിത്രമടങ്ങുന്നതായിരുന്നു. ലഡുവിനേക്കുറിച്ച് നമുക്ക് ഇപ്പോള്‍ സംസാരിക്കേണ്ടെന്നും അതൊരു വിവാദവിഷയമാണെന്നുമാണ് ഇതിനോട് കാര്‍ത്തി പ്രതികരിച്ചത്.
പിന്നാലെ ചൊവ്വാഴ്ച വിജയവാഡയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ കാര്‍ത്തിയുടെ പരാമര്‍ശത്തില്‍ പവന്‍ കല്യാണ്‍ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ തിരുപ്പതി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഒന്നുകില്‍ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദികളില്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പവന്‍ കല്യാണ്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു, ഇത് കാര്യമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
https://x.com/PawanKalyan/status/1838587619745087518?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1838587619745087518%7Ctwgr%5Ec073d02f492b33f092dcab158c0dd5ba371f7ec3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Ftirupati-laddu-controversy-pawan-kalyan-reacts-to-karthis-apology-1.9930929
തുടര്‍ന്ന് ഈ വിഷയത്തില്‍ വിശദീകരണവുമായി കാര്‍ത്തിതന്നെ രം?ഗത്തെത്തി. ‘ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തന്‍ എന്ന നിലയില്‍, ഞാന്‍ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു.’ കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ
വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. നെയ്യില്‍ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സംഭവത്തില്‍ ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയിരുന്നു. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും ഹൈന്ദവ ആചാരങ്ങളുടെ ലംഘനവുമാണ് സംഭവിച്ചതെന്നാരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്യപ്പെട്ടിരുന്നു