KeralaNews

സുല്‍ത്താന്‍ബത്തേരിയിലേത് ഭീതിയാത്ര;കടുവകള്‍ ഏത് സമയവും റോഡിലെത്താം

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം കാര്‍ യാത്രികര്‍ക്ക് മുമ്പില്‍ കടുവ അകപ്പെട്ട സംഭവത്തോടെ സുല്‍ത്താന്‍ബത്തേരിയുടെ പ്രാന്തപ്രദേശങ്ങളിലെ വാഹന യാത്ര പോലും ഭീതിയോടെയാണെന്ന് നാട്ടുകാര്‍. ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റിന് സമീപത്ത് കൂടി കടന്നുപോകുന്ന മിക്ക റോഡുകളിലും നേരം ഇരുട്ടിയാല്‍ കാല്‍നടയാത്രയും ഇരുചക്രവാഹന യാത്രയും ചെയ്യാന്‍ ആളുകള്‍ മടിക്കുകയാണ്. ബിനാച്ചി എസ്‌റ്റേറ്റിനുള്ളില്‍ നിരവധി കടുവകള്‍ താവളമടിച്ചിട്ടുണ്ടെന്നും ഇവ സമീപത്തെ വനത്തിലേക്കും തിരിച്ചും കടന്നുപോകാറുള്ളതായും മന്ദംകൊല്ലി പ്രദേശവാസികള്‍ അടക്കം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ പോകുന്ന കടുവയാണ് കഴിഞ്ഞ ദിവസം കാര്‍യാത്രികര്‍ക്ക് മുമ്പിലകപ്പെട്ടതെന്നാണ് നിഗമനം.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30-ഓടെ ബീനാച്ചി-പനമരം റോഡില്‍ പഴുപ്പത്തൂര്‍ ജങ്ഷന് സമീപമാണ് കടുവക്കുഞ്ഞിനെ കണ്ടത്.  കാര്‍ യാത്രികര്‍ക്ക് മുന്നില്‍ റോഡിലൂടെ തലങ്ങും വിലങ്ങും ഓടിക്കളിക്കുകയായിരുന്നു കടുവ. ബീനാച്ചി സ്വദേശിയായ സി.കെ. ശിവന്‍, സഹോദരിക്കും കുടുംബത്തിനുമൊപ്പം വാളവയലിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കണ്ടയുടന്‍ വാഹനം റോഡരികില്‍ നിര്‍ത്തിയെങ്കിലും അല്‍പ്പം കഴിഞ്ഞാണ് കടുവ ഓടിമറഞ്ഞത്. മന്ദംകൊല്ലിയില്‍ മാസങ്ങള്‍ക്ക് മുമ്പ് അമ്മക്കടുവക്കൊപ്പം ജനവാസ മേഖലയില്‍ എത്തിയ കുഞ്ഞ് കുഴിയില്‍ വീണ സംഭവം ഉണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം കടുവകള്‍ സ്ഥിരമായി മന്ദംകൊല്ലി പ്രദേശത്തുകൂടെ കടന്നു പോകുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് ഈ പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനുള്ള നടപടികളൊന്നും ഉണ്ടായില്ല. അന്ന് പ്രദേശത്തെത്തിയ കടുവ ഇടക്കെല്ലാം കുഴിക്കരികെ എത്തുന്നുണ്ടെന്ന് മന്ദംകൊല്ലിക്കാര്‍ പറയുന്നു. നേരത്തേ മന്ദംകൊല്ലിയിലെ കുഴിയില്‍വീണ കടുവക്കുഞ്ഞിനൊപ്പമുള്ളതാണോ ഇപ്പോള്‍ കണ്ട കടുവയെന്നും നാട്ടുകാര്‍ക്കിടയില്‍ സംശയമുണ്ട്.

മുമ്പ് ഈ മേഖലയില്‍ തള്ളക്കടുവയെയും രണ്ട് കുഞ്ഞുങ്ങളെയും പലരും കണ്ടതായി പറയുന്നു. ബീനാച്ചി എസ്റ്റേറ്റിന്റെ അരികിലൂടെ കടന്നുപോകുന്ന ഈ റോഡില്‍ കടുവയടക്കമുള്ള വന്യമൃഗങ്ങളുടെമുന്നില്‍ പലപ്പോഴും യാത്രക്കാര്‍ അകപ്പെടാറുണ്ട്. ബീനാച്ചി എസ്റ്റേറ്റിനുള്ളില്‍ കടുവയുണ്ടെന്ന് നേരത്തേ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുമുണ്ട്. അതിനാല്‍ തന്നെ വന്യമൃഗ ശല്യമുള്ള ബീനാച്ചി-പനമരം റോഡിലൂടെ രാത്രിയുള്ള യാത്ര കൂടുതല്‍ ഭീതി നിറഞ്ഞതായി മാറുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് പൂതിക്കാട് കടുവയുടെ മുന്നിലകപ്പെട്ട ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബത്തേരി നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളെല്ലാം ഒരു മാസത്തിലധികമായി കടുവാ ഭീതിയിലാണ്. ബീനാച്ചി, ചീനപ്പുല്ല്, മാനിക്കുനി, കട്ടയാട്, സത്രംകുന്ന്, ദൊട്ടപ്പന്‍കുളം തുടങ്ങിയ ജനവാസ മേഖലകളില്‍ കടുവയെത്തുന്നുണ്ട്. ദേശീയപാതയില്‍ മൂലങ്കാവ് മുതല്‍ നായ്‌ക്കെട്ടി വരെ ഏറെ വൈകിയുള്ള യാത്രയും ജാഗ്രതയോടെയായിരിക്കണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി പറയത്തക്ക മൃഗശല്യം ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചു മാസങ്ങളായി ഇവിടെയും കടുവ എത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളുണ്ടായി. നായ്‌ക്കെട്ടിയില്‍ കാട്ടാനയെത്തി വീടിന്റെ മതിലും ഗേറ്റും തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ട്രഞ്ച് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും വന്യമൃഗശല്യത്തെ കുറിച്ചുള്ള പരാതികള്‍ നിസാരമായി കാണുന്ന മനോഭാവമാണ് വനം ഉദ്യോഗസ്ഥര്‍ക്കുള്ളതെന്ന ആക്ഷേപം ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button