KeralaNews

തൃക്കാക്കര ; ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗ് ഇത്തവണ; അന്തിമ പോളിങ് 68.77%, ചങ്കിടിച്ച് മുന്നണികൾ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിങിന്റെ അന്തിമ കണക്ക് വന്നപ്പോൾ 68.77 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തവണത്തേക്കാൾ 1.62 ശതമാനത്തിൻറെ കുറവാണ് ഇത്തവണ. മുന്നണികളുടെ കണക്കു കൂട്ടല്‍ തെറ്റിച്ചത് കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ പോളിങാണ്. കോര്‍പറേഷന്‍ മേഖലയിലെ 15 ബൂത്തുകളില്‍ 60 ശതമാനത്തില്‍ താഴെയാണ് പോളിങ്. അതേസമയം തൃക്കാക്കര മുന്‍സിപ്പല്‍ പരിധിയിലെ മിക്ക ബൂത്തുകളിലും ശരാശരി പോളിങ് എഴുപതിന് മുകളിലാണ്. 

റെക്കോർഡ് പോളിംഗ് പ്രതീക്ഷിച്ചിടത്ത് അവസാന കണക്ക് വന്നപ്പോൾ മണ്ഡ‍ലത്തിൽ ഇതുവരെയുളള ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണ് ഇത്തവണ ഉണ്ടായത്. ഒരു മാസം നീണ്ട പ്രചാരണം കൊണ്ടും കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ വോട്ടര്‍മാരുടെ മനസിളക്കാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് പോളിങ് കണക്കുകള്‍. കോര്‍പറേഷന്‍ പരിധിയില്‍ തന്നെ ഏറ്റവും കുറഞ്ഞ പോളിങ് ഇടപ്പളളി, കടവന്ത്ര, പാലാരിവട്ടം മേഖലയിലാണ് ഉണ്ടായത്.

ഇടപ്പളളിയില്‍ നാല് ബൂത്തുകളിലും 60 ശതമാനത്തിൽ താഴെയാണ് പോളിങ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് കടവന്ത്ര മേഖലയില്‍പ്പെട്ട ഗിരിനിഗറിലെ 97ാം നമ്പര്‍ ബൂത്തില്‍, 51.14 ശതമാനം. കോര്‍പറേഷന്‍ പരിധിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിനാണ് ഈ കണക്ക് ആശങ്കയുണ്ടാക്കുന്നത്. അതേസമയം നഗര വോട്ടര്‍മാരുളള ഈ ബൂത്തുകളില്‍ കഴിഞ്ഞ തവണയും സമാനമായിരുന്നു സ്ഥിതിയെന്നാണ് യുഡിഎഫ് വിശദീകരണം. 

കഴിഞ്ഞ തവണ ട്വന്‍റി ട്വന്‍റിക്ക് പോയ വോട്ടുകളും മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ടുകളും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കത്തതാണ് പോളിങ് ശതമാനത്തിലെ കുറവിന് കാരണമെന്നും യുഡിഎഫ് പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയിലാകട്ടെ കോര്‍പറേഷനേക്കാള്‍ മികച്ച പോളിങ്ങാണ്. ശരാശരി 70ആണ് ഇവിടുത്തെ പോളിങ്. 83 ശതമാനം വരെ പോളിങ് നടന്ന ബൂത്തുകളും ഇവിടെയുണ്ട്. കഴിഞ്ഞ തവണ പി ടി തോമസിന് മുനിസിപ്പാലിറ്റിയില്‍ കിട്ടിയ ഭൂരിപക്ഷം 3251 വോട്ടുകളായിരുന്നു. ഇവിടെ ഇത്തവണയും പോളിങ് ഉയര്‍ന്നത് ഇരുമുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. 

തൃക്കാക്കര മണ്ഡലത്തിൽ ആകെ പോള്‍ ചെയ്തത് 135320 വോട്ടുകളാണ്. ഇതുവരെ 50000 ത്തിന് മുകളില്‍ വോട്ട് നേടാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇക്കുറി ആകെ വോട്ടെണ്ണം 60000 കടക്കുമെന്നും 4000ത്തിലേറെ വോട്ടിന് മണ്ഡലം പിടിക്കുമെന്നുമാണ് എല്‍ഡിഎഫ് കണക്ക്. എന്നാല്‍ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും ശരാശരി 60000 ഉറച്ച വോട്ടുകള്‍ ഉണ്ടെന്നതാണ് യുഡിഎഫിന്‍റെ പ്രതീക്ഷയുടെ അടിസ്ഥാനം.

പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂടി ചേരുമ്പോള്‍ ഉമ തോമസിന്‍റെ ജയം യുഡിഎഫ് ഉറപ്പിക്കുന്നു. ഭൂരിപക്ഷത്തില്‍ നേരിയ നേരിയ കുറവുണ്ടാകുമോ എന്നു മാത്രമാണ് ആശങ്ക. മുന്നണികളുടെ കണക്കുകള്‍ക്കിടയിലും നിര്‍ണായകമാകാന്‍ പോകുന്നത് ബിജെപി വോട്ടുകളാണ്. കഴിഞ്ഞ തവണ നേടിയ 15000ത്തോളം വോട്ടുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ വോട്ടെണ്ണം 20000 കടന്നാല്‍ ഫലത്തെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാകും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker