മാനന്തവാടി:വയനാട്ടിലെ കുറുക്കൻമൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രം ആദ്യമായി പുറത്തുവന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാൻ മനുഷ്യർ ഒരുക്കിയ കുടുക്കിൽ പെട്ടാണ് കടുവയ്ക്ക് ആഴത്തിൽ മുറിവേറ്റതെന്ന് കരുതുന്നു.
കൃഷിയിടങ്ങളിൽ കുടുക്കുകൾ സ്ഥാപിക്കുന്നത് ഇത്തരം അപകടങ്ങൾ ക്ഷണിച്ചുവരുത്തും എന്ന് നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും ഇത് പതിവാകുകയാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഇക്കാര്യം ഹൈക്കോടതിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അടുത്തിടെയായി മൂന്നാമത്തെ കടുവയാണ് സമാനമായ ദുരിതം നേരിടുന്നത്. ഈ രീതി തുടരുകയാണെങ്കിൽ കുടുക്കുകൾ സ്ഥാപിക്കുന്ന ഭൂവുടമയ്ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കേണ്ടി വരും എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഏതാണ്ട് ഒരു മാസത്തോളമായി നേരിടുന്ന പ്രശ്നമാണ് കുറുക്കൻമൂലയിലേത്. നാട്ടുകാർ ഹൈവേ ഉപരോധവും വനംവകുപ്പ് ഓഫിസ് ഉപരോധവും നടത്തി പ്രതിഷേധിച്ചിരുന്നു. കടുവയെ പിടികൂടാൻ അഞ്ചിടത്തായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ കുടുക്കിൽപ്പെട്ട കടുവ വീണ്ടും കൂട്ടിലുള്ള മൃഗത്തെ ലക്ഷ്യമിടുമോ എന്ന സംശയവുമുണ്ട്.
ചൊവ്വാഴ്ച മുതൽ 2 കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് നാലു ചതുരശ്ര കിലോമീറ്റർ മീറ്റർ വിസ്തൃതിയുള്ള ഒളിയോട്ട്, ഒണ്ടയങ്ങടി റിസർവ് വനങ്ങൾ ഉണ്ട്. കടുവ ഇവിടെ ഉണ്ടാകുമെന്ന് വിശ്വാസത്തിലാണ് തിരച്ചിൽ. പകൽവെളിച്ചത്തിൽ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.