തൃശ്ശൂര്‍: കനത്തമഴയില്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയില്‍ വീട് താഴ്ന്നു പോയി. ചിറ്റിലപ്പിള്ളി കോരുത്തര ഹരിദാസിന്റെ വീടാണ് താഴ്ന്നത്. ഇവരുടെ സമീപത്തുള്ള വീടും അപകടാവസഥയിലാണ്.
അതേസമയം കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് മുതല്‍ 24 വരെ തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ദമാകുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
മാലിദ്വീപ്, കോമോറിന്‍ തീരങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഇന്ന് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പലയിടത്തും വെള്ളം കയറി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.