തൃശ്ശൂർ: വിവാദങ്ങൾക്കൊടുവിൽ തൃശ്ശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. പ്രൊഡഗംഭീരമായ ആഘോഷങ്ങളിൽ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. പൂരം ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്തും. ഈ പ്രാവശ്യത്തെ കുടമാറ്റത്തിൽ നിന്നും തിരുവമ്പാടി പിന്മാറിയിട്ടുണ്ട്.
എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്തായിട്ടാവും നടത്തുകയെന്നും തിരുവമ്പാടി ദേവസ്വം അധികൃതർ വ്യക്തമാക്കുന്നു. മഠത്തിൽ വരവിൻ്റെ പഞ്ചവാദ്യവും പേരിന് മാത്രമായിരിക്കും. എന്നാൽ ഇതിനോടകം ഒരുക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്നും തങ്ങളുടെ തീരുമാനം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടി വിഭാഗം വ്യക്തമാക്കി.
അതേസമയം നിയന്ത്രണങ്ങൾക്കിടയിലും പൂരം ആലോഷപൂർവം നടത്തുമെന് പാറമേക്കാവ് വിഭാഗം വ്യക്തമാക്കി. 15 ആനകളെ അണിനിരത്തി പൂരം ആഘോഷിക്കാനാണ് പാറമേക്കാവ് ദേവസ്വത്തിൻ്റെ തീരുമാനം. ഘടകപൂരങ്ങൾക്കും ആവശ്യമായ ആനകളെ നൽകുമെന്നും പാറമേക്കാവ് അറിയിച്ചു. അതേസമയം കുടമാറ്റം പ്രതീകാത്മകമായിട്ടാവും നടത്തുക.
കോവിഡ് രോഗവ്യാപനം തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനമായിരുന്നു.കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടായത്.
ഏപ്രില്‍ 23 വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. അന്നേ ദിവസം പൂരപ്പറമ്പിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകർക്ക് മാത്രമാണ് അവിടേക്ക് കടക്കാന്‍ അനുമതി. പാസുള്ളവർക്കു മാത്രമേ പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കൂ
പൂരത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നായ കുടമാറ്റത്തിന്‍റെ സമയം പരിമിതപ്പെടുത്തും. സാംപിൾ വെടിക്കെട്ടും ചമയപ്രദർശനവും ഉണ്ടാവില്ല. വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതിയുണ്ട്. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ. ഘടകപൂരങ്ങള്‍, മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം എന്നിവയും നടത്താം. ഇതിന്‍റെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം.
പൂരപ്പറമ്പിൽ പ്രവേശിക്കുന്ന സംഘാടകർക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവർത്തകർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവരായിരിക്കണം.ഇരുപത്തിനാലാം തീയതി നടത്തേണ്ടിയിരുന്ന പകൽപ്പൂരം ഉണ്ടാവില്ല. ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് പൂരത്തിന്‍റെ നടത്തിപ്പ് ചുമതല.