തൃശൂർ:ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹാർ (32) മരിച്ച സംഭവത്തിൽ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് കസ്റ്റഡിയിലായത്. പ്രതികളെ നാളെ വൈകിട്ടോടെ തൃശൂരിൽ എത്തിക്കുമെന്നാണ് വിവരം.
ചിറയ്ക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്തുവച്ച് ഫെബ്രുവരി 18നാണ് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ടു മർദിച്ചത്. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സഹാറിന്റെ വാരിയെല്ലൊടിഞ്ഞു. നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകർന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സഹാർ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് മരണത്തിനു കീഴടങ്ങിയത്. സംഭവം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് നാലു പേരെ പൊലീസ് പിടികൂടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവർ ഒളിവിൽ പോകാൻ കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് വിമർശനം ശക്തമായിരുന്നു.
പൊലീസ് പറയുന്നത്: വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹാറിനെ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ചെകിട്ടത്തടിച്ചു കൊണ്ടായിരുന്നു മർദനത്തിന്റെ തുടക്കം. പുലർച്ചെ 3 വരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു. പിന്നീട് ഒരുവിധം നടന്നു വീട്ടിലെത്തിയ സഹാർ കുഴഞ്ഞുവീണു. വീട്ടുകാരാണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പിന്നീടു വെന്റിലേറ്ററിലായി. ഷംസുദ്ദീന്റെയും സുഹറയുടെയും മകനാണ്. അവിവാഹിതൻ. സഹോദരി: ഷാബിത.
സംഭവത്തിൽ 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേതൃത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ വിദേശത്തേക്കു കടന്നെന്നും പൊലീസ് അറിയിച്ചിരുന്നു. സഹാറിന്റെ പരിചയക്കാരനായിരുന്നു രാഹുൽ. ഇവർ തമ്മിലുണ്ടായ തർക്കമാണു സംഭവത്തിന്റെ കാരണമെന്നു സംശയിക്കുന്നു. കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവർക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കണ്ടാലറിയാവുന്ന 2 പേർക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു.
സഹാറിനെതിരായ ആക്രമണത്തിന്റെ ദൃശ്യം മുഴുവൻ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല. സഹാറിൽ നിന്നു ശരിയായ മൊഴി ലഭിച്ചില്ലെന്നായിരുന്നു ന്യായം. തൃപ്രയാർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ ആയ തനിക്കു റൂട്ടിലെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ മർദനമേറ്റെന്നു സഹാർ പറഞ്ഞതായി പൊലീസ് വാദിക്കുന്നു.