തൃശൂർ: സിപിഎമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കി തൃശൂർ മേയർ എംകെ വർഗീസ് സുരേഷ് ഗോപിയെ പ്രശംസിച്ച് രംഗത്ത്. തൃശൂരിന് സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് വർഗീസ് പ്രത്യാശ പ്രകടിപ്പിച്ചു. ജനം സുരേഷ് ഗോപിയെ വളരെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയര്‍ എംകെ വര്‍ഗീസ് പ്രസംഗത്തിനിടെ പറയുകയുണ്ടായി. വലിയ വലിയ സംരംഭങ്ങൾ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്ന് ബോധ്യപ്പെട്ടതായും മേയർ പറഞ്ഞു.
ഇരുവരും പങ്കെടുത്ത ഒരു ചടങ്ങിലാണ് തൃശൂർ മേയർ കേന്ദ്രമന്ത്രി കൂടിയായ നടനെ പ്രശംസ കൊണ്ട് മൂടിയത്. തിരിച്ച് സുരേഷ് ഗോപിയും വർഗീസിനെ ഇതേ ഭാഷയിൽ പുകഴ്ത്തി എന്നതും ശ്രദ്ധേയമായ കാര്യമാണ്. നേരത്തെയും സമാനമായ രീതിയിൽ വർഗീസ് സുരേഷ് ഗോപിക്ക് അനുകൂലമായ പ്രസ്‌താവനകൾ നടത്തിയിരുന്നു.
തൃശൂര്‍ അയ്യന്തോളില്‍ നടന്ന കോര്‍പ്പറേഷന്റെ അര്‍ബൻ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനിടെ സുരേഷ് ഗോപിയാണ് ആദ്യം പ്രസംഗിച്ചത്. പ്രസംഗത്തിലുടനീളം മേയറെ പുകഴ്ത്തി കൊണ്ടായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ സംസാരം. മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘എന്റെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്‌തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നത്. എംകെ വർഗീസിന് എതിരെ നിൽക്കുന്നത് ആരാണെന്ന് ജനത്തിന് അറിയാം. അവരെ ജനങ്ങൾ കൈകാര്യം ചെയ്‌താൽ മതി’ സുരേഷ് ഗോപി പ്രസംഗത്തിനിടെ പറഞ്ഞു.
ഇതോടെ ഇടത് കേന്ദ്രങ്ങളിൽ ഇക്കാര്യം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ഉറപ്പായി. നേരത്തെ തന്നെ തൃശൂരിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ മേയറുടെ നിലപാടുകളുമായി ബന്ധപ്പെട്ട് സിപിഐ ഇടഞ്ഞിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ മേയറുടെ സുരേഷ് ഗോപി അനുകൂല നിലപാടുകൾ വലിയ തിരിച്ചടിയായി എന്നായിരുന്നു സിപിഐ വിലയിരുത്തൽ.
ഇത് മുന്നണിയിൽ ശക്തമായി അവർ ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ സിപിഎം എംകെ വർഗീസിനെ വിളിപ്പിക്കുകയും ഇക്കാര്യത്തിൽ വിശദീകരണം തേടുകയും ചെയ്‌തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു വിശദീകരണം തേടിയത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഗവർണർ ആരോപണങ്ങൾ എല്ലാം നിഷേധിച്ചിരുന്നു.
തനിക്ക് സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യം ഒന്നുമില്ലെന്നായിരുന്നു മേയറുടെ മറുപടി. മേയർ എന്ന നിലയിലുള്ള തന്റെ ചുമതല വികസനം കൊണ്ടുവരിക എന്നതാണെന്നും നാടിന്റെ വികസനത്തിന് സർക്കാരുകളുടെ സംഭാവന ഉണ്ടാകും, അത് കേന്ദ്രമോ സംസ്ഥാനമോ ആവാമെന്നും എംകെ വർഗീസ് അഭിപ്രായപ്പെട്ടിരുന്നു. ഇത് കെട്ടടങ്ങും മുൻപാണ് വീണ്ടും സുരേഷ് ഗോപിയെ പുകഴ്ത്തി കൊണ്ട് എംകെ വർഗീസ് രംഗത്ത് വന്നിരിക്കുന്നത്.