CricketNewsSports

മൂന്നു റണ്‍സിനിടെ മൂന്നു വിക്കറ്റ്,ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ശ്രീലങ്ക കിതയ്ക്കുന്നു

മുംബൈ: ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ശ്രേയസ് അയ്യരും അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് 358 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ടൂര്‍ണമെന്റില്‍ മികച്ച ഫോം കാഴ്ചവെച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തുടക്കത്തില്‍ തന്നെ പുറത്തായി. വെറും നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ദില്‍ഷന്‍ മധുശങ്ക അതിമനോഹരമായ ഒരു പന്തിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെയാണ് രോഹിത് പുറത്തായത്. ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്ത് പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.

എന്നാല്‍ മൂന്നാമനായി വന്ന വിരാട് കോലി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി. അനായാസം കോലി ബാറ്റിങ് തുടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. ഗില്ലിനെ കൂട്ടുപിടിച്ച് കോലി ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ കോലിയുടെ അഞ്ചാം അര്‍ധശതകമാണിത്. രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും കോലിയ്ക്ക് സാധിച്ചു. കോലിയ്ക്ക് പിന്നാലെ ഗില്ലും അര്‍ധസെഞ്ചുറി നേടി.

കോലിയും ഗില്ലും തകര്‍ത്തടിച്ചതോടെ ശ്രീലങ്കന്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നു. ഇരുവരും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ മധുശങ്ക വീണ്ടും ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു. ഗില്ലിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിന്റെ കൈയ്യിലെത്തിച്ച് താരം ഈ കൂട്ടുകെട്ട് പൊളിച്ചു. 92 പന്തില്‍ 11 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 92 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. അര്‍ഹിച്ച സെഞ്ചുറി നഷ്ടമായതിന്റെ നിരാശയില്‍ ഗില്‍ ക്രീസ് വിട്ടു. കോലിയ്‌ക്കൊപ്പം 189 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഗില്ലിന് സാധിച്ചു.

ഗില്ലിന് പിന്നാലെ കോലിയെയും മധുശങ്ക പുറത്താക്കി. 94 പന്തില്‍ 11 ബൗണ്ടറിയുടെ സഹായത്തോടെ 88 റണ്‍സെടുത്ത കോലിയെ മധുശങ്ക പത്തും നിസങ്കയുടെ കൈയ്യിലെത്തിച്ചു. 49-ാം ഏകദിന സെഞ്ചുറിയുടെ അരികില്‍ വീണ്ടും കോലി വീണു. നേരത്തേ ഓസീസിനെതിരേ താരം 95 റണ്‍സെടുത്ത് പുറത്തായിരുന്നു. കോലി പുറത്തായതോടെ ക്രീസില്‍ കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും ഒന്നിച്ചു. ശ്രേയസ് ആക്രമിച്ച് കളിച്ചുതുടങ്ങി. എന്നാല്‍ മറുവശത്ത് രാഹുലിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 19 പന്തില്‍ 21 റണ്‍സെടുത്ത താരത്തെ ദുഷ്മന്ത ചമീര പുറത്താക്കി.

പിന്നാലെ വന്ന സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. 12 റണ്‍സെടുത്ത താരത്തെ മധുശങ്ക പറഞ്ഞയച്ചു. എന്നാല്‍ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ശ്രേയസ് അടിച്ചുതകര്‍ത്തു. അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് ജഡേജയെ കൂട്ടുപിടിച്ച് 44.5 ഓവറില്‍ ടീം സ്‌കോര്‍ 300 കടത്തി.

അവസാന ഓവറുകളില്‍ ശ്രേയസ് സ്‌ഫോടനാത്മക ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. മധുശങ്കയുടെ 48-ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്‌സടിച്ച ശ്രേയസ് മൂന്നാം പന്തില്‍ പുറത്തായി. വെറും 56 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 82 റണ്‍സെടുത്താണ് ശ്രേയസ് ക്രീസ് വിട്ടത്.

ശ്രേയസ് മടങ്ങിയ ശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ ടീം സ്‌കോര്‍ 350 കടത്തി. അവസാന ഓവറുകളില്‍ താരം അടിച്ചുതകര്‍ത്തു. ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന ഓവറിലെ അവസാന പന്തില്‍ പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക അഞ്ചുവിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button