മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ അവസരം; ശരാശരി 75 തൊഴില്‍ ദിനങ്ങള്‍

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ടി.എം തോമസ് ഐസക്. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പതിനാല് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. നിലവില്‍ ശരാശരി 55 ഓളം പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നത്. ശരാശരി 75 ദിവസത്തെയെങ്കിലും തൊഴില്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു.

2021-22 ല്‍ 4087 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരി മാസത്തില്‍ രൂപംകൊള്ളും. ഇതിനുള്ള കരട് നിയമം തയ്യാറായി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം.

മറ്റ് പെന്‍ഷന്‍ പദ്ധതിയില്‍ ഇല്ലാത്തവര്‍ക്ക് അറുപത് വയസ് മുതല്‍ പെന്‍ഷന്‍ നല്‍കും. ഇനി മുതല്‍ ഫെസ്റ്റിവല്‍ അലവന്‍സ് ക്ഷേമനിധി വഴിയായിരിക്കും നല്‍കുക. 75 ദിവസം പണിയെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ മാത്രമാണ് ഉള്ളത്. നഗരങ്ങളിലേയ്ക്കും വ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. കേരള സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. നിലവില്‍ ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നഗരങ്ങളിലെ ഗ്രാമീണ വാര്‍ഡുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് നടപടി സ്വീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ വകയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News