മൂന്നാര്‍: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ ഏറെയും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ സമീപത്തെ പുഴയില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ്.
കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തം നടന്ന് ആറ് ദിവസം കഴിഞ്ഞതിനാല്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധനയടക്കം നടത്താനുളള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം.
ദുരന്തമുഖത്തുനിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരത്തിലുളള പുഴയിലും തെരച്ചിലും നടത്തുന്നുണ്ട്. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തെരച്ചില്‍ നടക്കുന്നത്.