KeralaNews

മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിനെ കസ്റ്റഡിയിലെടുത്തില്ല, ബൈക്ക് പിടിച്ചെടുത്തു;മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

തൃശൂർ:പരിധി വിട്ട് മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയിൽ എടുക്കാതിരുന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ.

തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എൻ പ്രദീപ്, എം അഫ്‌സൽ എന്നിവർക്കും സിവിൽ പൊലീസ് ഓഫീസർ ജോസ് പോളിനെയുമാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡിഐജിയാണ് മൂവരെയും സസ്പെന്റ് ചെയ്തത്.

മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവാവിനെ തൃശ്ശൂരിലെ ബാർ പരിസരത്ത് വച്ചാണ് പൊലീസ് കണ്ടത്. ബൈക്കിൽ കയറാൻ ശ്രമിക്കുകയായിരുന്നു യുവാവ്. എന്നാൽ ഇയാൾക്ക് കയറാൻ കഴിയുന്നുണ്ടായിരുന്നില്ല. തുടർന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനോട് തൊട്ടടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. യുവാവ് തിരികെ ബാറിൽ കയറി മറ്റൊരാൾക്കൊപ്പം മദ്യപിച്ചു. പണം നൽകുന്നതിനെ ചൊല്ലി തർക്കമുണ്ടായി.

ഒപ്പം മദ്യപിച്ചയാൾ യുവാവിന്റെ ഫോണും പേഴ്സും തട്ടിയെടുത്തു. പിന്നീട് ഓട്ടോറിക്ഷയിൽ യുവാവ് വീട്ടിലേക്ക് പോയി. വാഹനത്തിൽ ബാഗ് മറന്നുവച്ചു. ബന്ധുവിനൊപ്പം പിറ്റേന്ന് സ്റ്റേഷനിൽ ഹാജരായ യുവാവ് ബാഗ് നഷ്ടപ്പെട്ടതിൽ പരാതി നൽകിയിരുന്നു. ബാഗ് രാവിലെ തന്നെ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഈ സമയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. താൻ വാഹനമോടിച്ചിരുന്നില്ലെന്ന് യുവാവ് നിലപാടെടുത്തു.

തുടർന്ന് യുവാവ് എസിപിയെ നേരിൽക്കണ്ട് പരാതി നൽകി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക ചട്ടങ്ങൾ പാലിക്കാതെയാണ് യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തപ്പോൾ പട്രോളിങിലും സ്റ്റേഷൻ ചുമതലയിലും ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button