CricketNewsSports

‘വിന്‍ഡീസിനെ 2-0നും 3-0നും പഞ്ഞിക്കിടൂ’; ടെസ്റ്റ് ഫൈനല്‍ തോറ്റ ഇന്ത്യയെ കടന്നാക്രമിച്ച് ഗാവസ്‌കര്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ ദയനീയമായി തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ കടന്നാക്രമിച്ച് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. നിലവിലെ കുഞ്ഞന്‍ ടീമുകളിലൊന്നായ വെസ്റ്റ് ഇന്‍ഡീസിനെ 2-0നും 3-0നും പരാജയപ്പെടുത്തി സായൂജ്യമണയൂ എന്നാണ് ഗാവസ്‌കറുടെ വിമര്‍ശനം. 

ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തോറ്റതോടെ ഐസിസി കിരീടമില്ലാത്ത 10 വര്‍ഷങ്ങളാണ് ടീം ഇന്ത്യയുടേത്. ഇതോടെയാണ് സകല നിയന്ത്രണവും വിട്ട് കടുത്ത വിമര്‍ശനത്തിലേക്ക് സുനില്‍ ഗാവസ്‌കര്‍ കാലെടുത്ത് വച്ചതും. ‘എങ്ങനെയാണ് ടീം ഇന്ത്യ തോറ്റത്. എന്തുകൊണ്ട് അവര്‍ നന്നായി പന്തെറിഞ്ഞില്ല, എന്തുകൊണ്ട് ക്യാച്ച് അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല, പ്ലേയിംഗ് ഇലവന്‍റെ തെരഞ്ഞെടുപ്പ് ഉചിതമായിരിന്നോ? ഈ ഘടകങ്ങളെല്ലാം ഇന്ത്യന്‍ ടീമിന്‍റെ തോല്‍വിക്ക് കാരണമായി.

വെസ്റ്റ് ഇന്‍ഡീസ് നിലവില്‍ ലോകത്തെ മികച്ച ടീം അല്ല. അതിനാല്‍ അവിടെ പോയി 2-0നും 3-0നും പരമ്പരകള്‍ നേടുക. ഫൈനലുകളില്‍ കളിക്കുമ്പോള്‍ സമാന പിഴവുകള്‍ വരുത്തിയാല്‍ എങ്ങനെയാണ് കിരീടം നേടാനാവുക എന്നും’ സുനില്‍ ഗാവസ്‌കര്‍ വിമര്‍ശിച്ചു. 

ഫൈനലിലെ വിരാട് കോലിയുടെ അപ്രതീക്ഷിത പുറത്താകലിനെ കുറിച്ചും സുനില്‍ ഗാവസ്‌കര്‍ പ്രതികരിച്ചു. ‘കോലിയുടെ ഷോട്ട് സെലക്ഷന്‍ മോശമായി എന്ന് ഗാവസ്‌കര്‍ നിരീക്ഷിക്കുന്നു. ‘അത് വളരെ സാധാരണമായ ഷോട്ടായിരുന്നു, മറ്റ് പ്രത്യേകതകളൊന്നുമില്ല. ഓഫ്സ്റ്റംപിന് പുറത്താണ് പന്ത് വന്നത്. അതുവരെ അവിടെ വന്നിരുന്ന പന്തുകള്‍ ലീവ് ചെയ്‌തിരുന്ന കോലി, ചിലപ്പോള്‍ അര്‍ധസെഞ്ചുറിക്കായി ഒരു റണ്‍ നേടണമെന്ന് കരുതി ബാറ്റ് വച്ചതാവാം.

നാഴികക്കല്ലുകള്‍ക്ക് അരികെ നില്‍ക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കും’ എന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. ഓസീസിനെതിരായ ഫൈനലിന്‍റെ അഞ്ചാം ദിനം പേസര്‍ സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ ബാറ്റ് വച്ച് സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു കിംഗ് കോലി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 234 റണ്‍സില്‍ പുറത്തായി.

അഞ്ചാം ദിനം 70 റണ്‍സിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. രണ്ടാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യയുടെ വീണ പത്തില്‍ മിക്ക വിക്കറ്റുകളും അലക്ഷ്യ ഷോട്ടുകളിലായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും എല്ലാം അമിതാവേശം കൊണ്ട് ഇതിന് ഇരയായി. സ്കോര്‍: ഓസ്‌ട്രേലിയ- 469 & 270/8 d, ഇന്ത്യ- 296 & 234 (63.3).  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button