കൊച്ചി: പോലീസാകണം എന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ സൂക്ഷിക്കണം. തുടര്‍ച്ചയായി ഗതാഗതനിയമങ്ങള്‍ ലംഘിച്ച് ശിക്ഷക്കപ്പെടുന്നവര്‍ക്ക് പോലീസില്‍ നിയമനം നല്‍കില്ല. പോലീസ് ഡ്രൈവറായി യോഗ്യത നേടിയവരില്‍ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
ഉന്നത പൊലീസ് യോഗത്തിലാണ് തീരുമാനം. പിഎസ് സി പരീക്ഷയില്‍ ജയിച്ചാലും മൂന്നു പ്രാവശ്യം നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടവരാണെങ്കില്‍ നിയമനം ലഭിക്കില്ല. ഇതിനായുള്ള ചട്ടഭേദഗതിയെ കുറിച്ച് പഠിക്കാന്‍ ബറ്റാലിയന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. കഴിഞ്ഞ പൊലീസ് ഡ്രൈവര്‍ തസ്തിയിലേക്ക് യോഗ്യത നേടിയ 59 പേരെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. ലഭിച്ചത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തില്‍ വാഹനമോടിച്ചതിനുമൊക്കെ പിഴയടിച്ചവരാണ്.പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യത നേടിയാല്‍ ഉദ്യോഗാര്‍ത്ഥിയെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തും. ക്രിമിനല്‍ കേസില്‍ പ്രതികളാണെങ്കില്‍ നിയമനം നല്‍കില്ല. പക്ഷെ മോട്ടോര്‍വാഹന നിയമ ലംഘനത്തിന് ശിക്ഷിച്ചാല്‍ നിയമനം നല്‍കാന്‍ പാടില്ലെന്ന് കേരള പോലീസ് നിയമത്തിന്റെ ചട്ടത്തില്‍ വ്യവസ്ഥയില്ല.
അതിനാല്‍ ശിക്ഷക്കപ്പെട്ട പലര്‍ക്കും ഒഴിവുകളുടെ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചു.ഗതാഗത നിയമ ലംഘനം നടത്തിയാല്‍ പിടിക്കേണ്ട പൊലീസുകാര്‍ തന്നെ ഇത്തരം നിയമലംഘകരാകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഇത്തരത്തില്‍ മോട്ടോര്‍ നിയമം മൂന്നിലധികം പ്രാവശ്യം ലംഘിക്കുന്നവക്ക് നിയമനം നല്‍കരുതെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശിച്ചു.
ഇത്തരത്തിലുള്ള ചട്ട ഭേദഗതിയാക്കി ശുപാര്‍ശ സമര്‍പ്പിക്കാന്‍ ബറ്റാലിയന്‍ എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. സര്‍ക്കാരിനും പിഎസ്എസിക്കും ചട്ടഭേഗതിക്കുള്ള ശുപാര്‍ശ സമിതി സമര്‍പ്പിക്കും. ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇനി മുതല്‍ ഗതാഗതനിയമലംഘകര്‍ക്കും പൊലീസില്‍ ഡ്രൈവറായി നിയമമുണ്ടാകില്ല.