മദ്യപിച്ച് ഓട്ടോ ഓടിച്ചെന്ന് വ്യാജ പ്രചാരണം; ജീവിതമാർഗം വഴിമുട്ടി ഡ്രൈവർ

മദ്യപിച്ച് ഓട്ടോ ഓടിച്ചെന്ന് വ്യാജ പ്രചാരണം; ഡ്രൈവറുടെ ജീവിതമാർഗം മുടങ്ങി

തൊടുപുഴ: മദ്യപിച്ച് ഓട്ടോ ഓടിച്ചെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണംമൂലം തന്റെ വാഹനത്തിന് ഓട്ടം ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊടുപുഴ നഗരത്തിലെ ഓട്ടോ ഡ്രൈവറായ കരിങ്കുന്നം താന്നിക്കൽ ടി.കെ. രാജു. കഴിഞ്ഞദിവസം ഒരു യുവാവും യുവതിയും ഓട്ടോയിൽ കയറി ‘സൂഡിയോ’യിൽ പോകണം എന്നുപറഞ്ഞു. സൂഡിയോ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരാണ് ഇവർ പറഞ്ഞത്. എന്നാൽ ‘സ്റ്റുഡിയോ’യിൽ പോകണം എന്നാണ് താൻ കേട്ടത്.

ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോ ആണ് എന്ന വിചാരത്തിൽ ഏതു സ്റ്റുഡിയോ എന്ന് ഞാൻ ചോദിച്ചു. തുടർന്ന് ഇവർ അവിടെ ഇറങ്ങി തന്റെ വീഡിയോ എടുത്തു. വീഡിയോ പകർത്തിയ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞാണ് സമൂഹമാധ്യമങ്ങളിൽ താൻ മദ്യപിച്ചു വാഹനം ഓടിക്കുന്നു എന്നതരത്തിൽ വീഡിയോ പ്രചരിക്കുന്നത് ചിലർ ശ്രദ്ധയിൽപ്പെടുത്തിയത്.

വീഡിയോ പ്രചരിച്ചതോടെ തനിക്ക് ഓട്ടം ലഭിക്കാതായി. തന്റെ ജീവിതമാർഗം അടഞ്ഞതോടെ പോലീസിൽ കേസ് നൽകി. പിന്നീട് സൈബർ സെല്ലിലേക്ക് പരാതി മാറ്റി. തൊടുപുഴ സ്റ്റേഷനിൽ വീഡിയോ പകർത്തിയ യുവതി എത്തുകയും താൻ കള്ളുകുടിച്ചെന്ന് ആവർത്തിക്കുകയും ചെയ്തു. താൻ കള്ളുകുടിക്കാറില്ലെന്ന് രാജു ആവർത്തിച്ച് പറയുന്നു. വിവിധ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്ന താൻ മദ്യപിച്ചെന്ന് തെളിയിച്ചാൽ എന്റെ വാഹനവും ഒരുലക്ഷം രൂപയും നൽകാമെന്നാണ് രാജുവിന്റെ വെല്ലുവിളി.

വീഡിയോ എടുത്ത യുവതിയും ഒരുയുവാവും കൂടിയാണ് അന്ന് ഓട്ടോയിൽ കയറിയത്. എന്നാൽ സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ രണ്ട് യുവതികളാണ് ഹാജരായത്. വായ്പ വാങ്ങിയാണ് ഓട്ടോ എടുത്തത് -രാജു പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News